ബാറിൽ ഓടക്കുഴൽ വെച്ച് ഫോട്ടോയെടുത്ത് തെറ്റായി പ്രചരിപ്പിച്ച സിപിഎം പ്രവർത്തകനെതിരെ കേസ്

കാക്കയങ്ങാട് : ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാറിലെ മേശയിൽ ഓടക്കുഴൽ വെച്ച് ഫോട്ടോ എടുത്ത ശേഷം സമൂഹ മാധ്യമം വഴി മോശം കമന്റിട്ട് പ്രചരിപ്പിച്ച സിപിഎം പ്രവർത്തകനെതിരെ കേസ്. മുഴക്കുന്ന് വട്ടപ്പൊയിൽ സ്വദേശി ശരത്ത് വട്ടപ്പൊയിലിനെതിരെയാണ് മുഴക്കുന്ന് പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണ ജയന്തി ദിവസം കാക്കയങ്ങാട് ബ്രോഡ് ബീൻ ഹോട്ടലിൽ വെച്ച് പ്രതി, കൃഷ്ണ ജയന്തി ആഘോഷങ്ങൾ കഴിഞ്ഞ സമയത്ത് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷവും കലാപവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ബാറിൽ മദ്യക്കുപ്പികൾ അടുക്കി വച്ച അലമാരയുടെ മുൻ ഭാഗത്തെ ടേബിളിൽ ഓടക്കുഴൽ വച്ച് ഫോണിൽ ഫോട്ടോയെടുത്ത് ‘ഒരു ഓടക്കുഴൽ മറന്ന് വച്ചിട്ടുണ്ട് കണ്ണന് ബോധം തെളിയുമ്പോൾ അത് എടുക്കാൻ അറിയിക്കുക’ എന്നും മറ്റും അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നുമാണ് കേസ്. ശരത്ത് ഓടക്കുഴലുമായാണ് ബാറിനുള്ളിൽ വന്നതെന്ന് സി. സി.ക്യാമറ പരിശോധനയിൽ പോലീസ് കണ്ടെത്തി. പാലപ്പുഴ സ്വദേശി ടി. അനിൽ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ശരത്ത് ഒളിവിലാണ്.