പാമ്പാളിയിൽ അനധികൃതമായി പാറപൊട്ടിക്കുന്നത് നിർത്തിവെപ്പിച്ചു

പേരാവൂർ: പാമ്പാളിയിൽ ജനവാസ കേന്ദ്രത്തിന് സമീപം അനധികൃതമായി പാറ പൊട്ടിക്കുന്നത് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തടഞ്ഞു. ന്യൂസ് ഹണ്ട് വാർത്തയെ തുടർന്ന് സ്ഥലത്തെത്തിയ വാർഡ് മെമ്പർ നിഷ പ്രദീപൻ മുഴുവൻ പ്രവൃത്തികളും നിർത്തിവെപ്പിച്ചു. സ്ഥലത്തെത്തിയ സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനൽകുമാർ, മുൻ പഞ്ചായത്തംഗം കെ.ജെ.ജോയിക്കുട്ടി, ബ്രാഞ്ച് സെക്രട്ടറിമാരായ ഇ.വി.ബൈജു, വി.രാജൻ എന്നിവരും അനധികൃത പാറ പൊട്ടിക്കൽ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. പാമ്പാളിക്ക് സമീപം പുരളി മലയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് വെടിമരുന്നുപയോഗിച്ചും യന്ത്രങ്ങൾ ഉപയോഗിച്ചും പാറ പൊട്ടിക്കുന്നത്. ജനജീവിതത്തിന് ഭീഷണിയായ അനധികൃത പാറ പൊട്ടിക്കൽ ന്യൂസ് ഹണ്ട് ഓൺലൈനാണ് ജനശ്രദ്ധയിൽ കൊണ്ടുവന്നത്.