കുളിരേകുന്ന കാഴ്ചകളുണ്ട്; അടിസ്ഥാന സൗകര്യങ്ങളില്ല

കണ്ണൂർ: സുന്ദരകാഴ്ചകൾകൊണ്ട് സഞ്ചാരികളെ കുളിരണിയിക്കുന്ന ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് കാഞ്ഞിരക്കൊല്ലി. അതുകൊണ്ടുതന്നെയാണ് ദിനംപ്രതി ആളുകൾ ഇവിടേക്ക് ഒഴുകിയെത്തി കാഴ്ചകളിൽ മതിമറന്ന് മടങ്ങുന്നത്. അപ്പോഴും സഞ്ചാരികളെ നിരാശയിലാക്കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്. പ്രധാന കേന്ദ്രങ്ങളായ അളകാപുരി വെള്ളച്ചാട്ടത്തിലും ശശിപ്പാറയിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയാറാവാത്തതാണ് സഞ്ചാരികൾക്ക് ദുരിതമായത്. ഇടുങ്ങിയ കുത്തനെയുള്ള റോഡിനോട് ചേർന്നാണ് ജില്ലയിലെ ഏറ്റവും മനോഹരമായ കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടമുള്ളത്. ജൂൺ മുതൽ ഡിസംബർ വരെയുള്ള സീസണിൽ നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ ഇടുങ്ങിയ റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാണ്. അവധി ദിവസങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.
അളകാപുരി വെള്ളച്ചാട്ടം
20 വർഷം മുമ്പ് നിർമിച്ച ഈ റോഡ് ഒരു നവീകരണവുമില്ലാതെ കിടക്കുകയാണ്. റോഡ് വീതി കൂട്ടി വളവും കയറ്റവും കുറച്ച് മെക്കാഡം ടാറിങ് നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പായില്ല. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലും മിക്കയിടത്തും സൗകര്യമില്ലാത്ത സ്ഥിതിയാണ്. റോഡരികിൽ നടപ്പാതയും ഇല്ല. പലയിടത്തും മഴവെള്ളം കുത്തിയൊലിച്ച് റോഡിന്റെ അരിക് കുഴിയായിട്ടുണ്ട്.കെ.സി. ജോസഫ് മന്ത്രിയായ കാലത്ത് 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാനായി എസ്റ്റിമേറ്റ് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. അടുത്ത കാലത്ത് പയ്യാവൂർ പഞ്ചായത്തിനെ ജോൺ ബ്രിട്ടാസ് എം.പിയുടെ നേതൃത്വത്തിൽ സാഗി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് ഇതിന്റെ ഭാഗമായി റോഡ് വികസിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല.
നടപ്പാത, കംഫർട്ട് സ്റ്റേഷൻ
അളകാപുരി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനകവാടം മുതൽ വെള്ളച്ചാട്ടം വരെയുള്ള 600 മീറ്റർ ഇടുങ്ങിയ നടപ്പാതയാണ്. മണ്ണിട്ട നടപ്പാതയിലൂടെ മഴക്കാലങ്ങളിൽ പോകുമ്പോൾ തെന്നിവീഴുന്ന സ്ഥിതിയുണ്ട്. നടപ്പാത കോൺക്രീറ്റ് ചെയ്ത് ഇരുവശങ്ങളിലും കൈവരി സ്ഥാപിക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ വസ്ത്രം മാറാനും ഇവിടെ സ്ഥലമില്ല. വെള്ളച്ചാട്ടത്തിന് സമീപത്ത് കംഫർട്ട് സ്റ്റേഷനും സ്ഥാപിക്കേണ്ടതുണ്ട്. 25 ലക്ഷം രൂപ ചെലവിൽ ഇവിടെ അഞ്ച് വർഷം മുമ്പ് നവീകരിച്ചിരുന്നു. വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കുള്ള വഴിയുടെ വശങ്ങൾ ഹാൻഡ് റൈൽ ഇട്ട് ബലപ്പെടുത്തുകയും അപകടങ്ങൾ ഒഴിവാക്കാനായി കമ്പിവേലികൾ കെട്ടിത്തിരിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിൽ ചവിട്ടാതെ ഒരു കരയിൽനിന്ന് മറുകരയിലേക്ക് എത്താനായി ചെറിയ പാലവും ഒരുക്കിയിട്ടുണ്ട്. മറ്റ് സൗകര്യങ്ങളൊന്നും ഇല്ല.
പ്രവേശന ഫീസ് 60 രൂപയാക്കി; പ്രതിഷേധം
കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടം കാണുന്നതിനും ശശിപ്പാറ വ്യൂപോയന്റ് കാണുന്നതിനുമുള്ള പ്രവേശന ഫീസ് കഴിഞ്ഞയാഴ്ച വർധിപ്പിച്ചു. 20 രൂപ വീതം ആയിരുന്നു രണ്ട് സ്ഥലങ്ങളിലേക്കുമുള്ള പ്രവേശന ഫീസ്. ഈ വർഷം ആദ്യം ഇത് 50 രൂപയാക്കി ഉയർത്തി. കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ ഫീസ് 60 രൂപയാക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഫീസ് വർധിപ്പിച്ചതിനെതിരെ കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തിയിരുന്നു. കാഞ്ഞിരക്കൊല്ലി ടൂറിസം വ്യൂ പോയന്റിലെ പ്രവേശന ഫീസ് അടിക്കടി വർധിപ്പിക്കുന്ന സർക്കാർ നടപടി തികച്ചും ജനദ്രോഹപരമാണെന്നും അത് ടൂറിസം മേഖലയെ തളർത്തുമെന്നും സജീവ് ജോസഫ് എം.എൽ.എ കുറ്റപ്പെടുത്തി. പ്രവേശന ഫീസ് 60 രൂപയാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. എന്നിട്ടും ഫീസ് കുറക്കാനോ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനോ ടൂറിസം വകുപ്പധികൃതർ തയാറായിട്ടില്ല.