വയനാട് ഫോറസ്റ്റ് ഓഫീസിൽ പീഡനശ്രമം; ഫോറസ്റ്റ് ഓഫീസർക്കെതിരെ വകുപ്പുതല നടപടി

Share our post

കൽപ്പറ്റ: വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഫോറസ്റ്റ് ഓഫീസർക്കെതിരെ വകുപ്പുതല നടപടി. വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷൻ സെക്ഷൻ ഓഫീസിലെ രതീഷ് കുമാറാണ് സഹപ്രവർത്തകയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. പ്രതിയായ ഉദ്യോഗസ്ഥൻ അതിജീവിതയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബർ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ സെക്ഷൻ ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ രതീഷ് കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിപ്പോയ ഇയാൾ, പിന്നീട് ഓഫീസിൽ തിരിച്ചെത്തി ശാരീരികമായി അതിക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന അന്നുതന്നെ വനിതാ ഉദ്യോഗസ്ഥ വനംവകുപ്പിന് പരാതി നൽകിയിരുന്നു. വകുപ്പിന്റെ ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും തുടർനടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ, പ്രാഥമിക നടപടിയെന്ന നിലയിൽ പ്രതിയായ രതീഷ് കുമാറിനെ സ്ഥലം മാറ്റി. കൂടുതൽ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. വകുപ്പുതല പരാതിക്ക് പുറമെ, യുവതി പോലീസിലും പരാതി നൽകി. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!