പിടിവിടാതെ പനി, ബുദ്ധിമുട്ട് ആഴ്ചകളോളം, കാലാവസ്ഥ മാറിമറിഞ്ഞതും കാരണം

തിരുവനന്തപുരം: ഒന്നു വന്നു പോകുമായിരുന്ന പനിയും അനുബന്ധലക്ഷണങ്ങളും പിടിവിടാതെ ആഴ്ചകളിലേക്കു നീളുന്നു. പനിബാധിതർ ചുമയും തലവേദനയും തൊണ്ടവേദനയും രുചിയില്ലായ്മയും ഓക്കാനവുമായി ബുദ്ധിമുട്ടുകയാണ്. പലർക്കും പനി മാറുന്നുണ്ടെങ്കിലും അനുബന്ധ ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്നതാണ് ബുദ്ധിമുട്ടാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 4,600 പേരാണ് പനി ബാധിതരായി സർക്കാർ ആശുപത്രികളിൽ ഒപികളിൽ ചികിത്സതേടിയെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ ഇതിന്റെ ഇരട്ടിയാണ്. കാലാവസ്ഥ മാറിമറിഞ്ഞ് ചൂടും മഴയുമെല്ലാം ഇടവിട്ടു വന്നതും ആഘോഷകാലത്തെ കൂടിച്ചേരലുകളുമെല്ലാമാണ് പലരെയും പനിക്കിടക്കയിലാക്കിയത്. ഇൻഫ്ലുവൻസയാണ് പടർന്നുപിടിച്ചത്. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നതിനാലാണ് പലർക്കും ചുമയും തൊണ്ടവേദനയുമുൾപ്പെടെയുള്ളവ പനി കഴിഞ്ഞും മാറാതെ നിൽക്കുന്നത്. ഇതുകൂടാതെ, വൈറൽപ്പനി, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, കോവിഡ് തുടങ്ങിയവയും പടരുന്നുണ്ട്. ജലാശയസമൃദ്ധ ജില്ലയായതിനാൽ അമീബിക് മസ്തിഷ്കജ്വരവും ആശങ്കയായിട്ടുണ്ട്. ഇവയിൽ പല രോഗങ്ങൾക്കും സമാനലക്ഷണമായതിനാൽ ഒറ്റയടിക്ക് രോഗം തിരിച്ചറിയാനാകില്ലെന്നതാണ് ആശുപത്രിയിലെത്തുമ്പോഴുള്ള വെല്ലുവിളി. ലാബ് പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാനാകുന്നുള്ളൂ.