മാക്കൂട്ടം ചുരം റോഡ് നവീകരണം തുടങ്ങി

ഇരിട്ടി: കനത്ത മഴയെ തുടർന്ന് നാലു മാസത്തോളമായി നിർത്തിവെച്ച മാക്കൂട്ടം ചുരം റോഡിന്റെ നവീകരണ പ്രവൃത്തി പുനരാരംഭിച്ചു. മൂന്ന് റീച്ചുകളിലായി 11 കിലോമീറ്റർ ചുരം പാതയാണ് മഴക്കു മുമ്പ് നവീകരിക്കാൻ തിരുമാനിച്ചത്. ഇതിനായി 13.55 കോടിയും വകയിരുത്തി. ടെൻഡർ നടപടികൾ പൂർത്തിയയപ്പോൾ തന്നെ വർക്ക് ഓഡർ നൽകി നിർമാണത്തിനായി സൈറ്റ് കൈമാറി. നിലവിലെ പഴയ റോഡ് കിളച്ചു മാറ്റി വീതി കൂട്ടാവുന്ന ഇടങ്ങളിൽ വീതി കൂട്ടി ഓവുചാലും കൾവെർട്ടുകളും പൂർത്തിയാക്കി മെക്കാഡം ടാറിങ് പൂർത്തിയാക്കാനായിരുന്നു തീരുമാനം. ഇതുപ്രകാരം കൂട്ടുപുഴ മുതൽ മാക്കൂട്ടം വരേയും ഹനുമാൻ ക്ഷേത്രം മുതൽ പെരുമ്പാടിവരേയും രണ്ട് റീച്ചുകളിലായും നിർമാണം തുടങ്ങി. ആദ്യഘട്ടത്തിൽ ഫണ്ട് അനുവദിച്ച മൂന്ന് കിലോമീറ്ററോളം ഭാഗം ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയെങ്കിലും നേരത്തെ എത്തിയ മഴ നിർമാണം പൂർണമായും സ്തംഭനത്തിലാക്കുകയായിരുന്നു.
കൂട്ടുപുഴ മുതൽ മാക്കുട്ടം വരെയുള്ള ഭാഗങ്ങളിലും പെരുമ്പാടിയിൽ എത്തുന്നതിന് മുൻമ്പുള്ള മൂന്ന് കിലോമീറ്റർ ഭാഗവും പഴയ റോഡ് കിളച്ചിട്ടതുകാരണം വാഹനങ്ങൾ വേഗത വളരെ കുറച്ചാണ് പോയിക്കൊണ്ടിരുന്നത്. ദിനം പ്രതി ആയിരത്തിലധികം യാത്രവാഹനങ്ങളും അത്രത്തോളം ചരക്ക് വാഹനങ്ങളും കടന്നുപോകുന്നുണ്ട്.
ബാംഗളൂരുവിൽ നിന്നും 30തോളം ടൂറിസ്റ്റ് ബസുകളും അത്രത്തോളം കേരള, കർണ്ണാടക ആ.ർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവിസ് നടത്തുണ്ട്. കണ്ണൂർ കോഴിക്കോട് ഭാഗങ്ങളിലേക്ക് പച്ചക്കറികലും മുട്ടയും കോഴിയും എത്തുന്നത് ചുരം പാത വഴിയാണ്. ഒരു മാസത്തിനുള്ളിൽ നവീകരണം പൂർത്തിയായേക്കും.