നാലുവർഷ ബിരുദം: എൻസിസിയും എൻഎസ്എസും ഇനി കോഴ്സുകൾ

Share our post

തിരുവനന്തപുരം: കോളേജുകളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന എന്‍സിസിയും എന്‍എസ്എസും നാലുവര്‍ഷ ബിരുദത്തിലെ കോഴ്സുകളായി മാറുന്നു. യുജിസി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് അഴിച്ചുപണി. എന്‍സിസിയും എന്‍എസ്എസും മൂന്നു ക്രെഡിറ്റുകള്‍ വീതമുള്ള മൂല്യവര്‍ധിത കോഴ്സുകളാക്കി മാറ്റാനാണ് തീരുമാനം. എന്‍സിസി കോഴ്സിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കി. എന്‍എസ്എസിനുള്ള മാര്‍ഗരേഖ ബന്ധപ്പെട്ട വിഭാഗം തയ്യാറാക്കി സര്‍വകലാശാലകള്‍ക്കു കൈമാറും.

നാലുവര്‍ഷ ബിരുദത്തില്‍ 2-3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന വിധമാണ് കോഴ്സ് ഘടന. നാലാം സെമസ്റ്ററിലോ ആറാം സെമസ്റ്ററിലോ കോഴ്സ് പൂര്‍ത്തീകരിച്ചാല്‍ മതി. ക്രെഡിറ്റ് നല്‍കുന്നത് ആറാം സെമസ്റ്ററിലായിരിക്കും.

അച്ചടക്കം, കായികക്ഷമത, സേവന സന്നദ്ധത, വ്യക്തിത്വവികാസം, നേതൃപാടവം, അപായഘട്ടങ്ങളെ അഭിമുഖീകരിക്കല്‍ തുടങ്ങിയ ശേഷികള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ജിക്കാനാവും വിധമാണ് എന്‍സിസി മാര്‍ഗരേഖ. പരേഡും പരിശീലനവും ഇപ്പോഴത്തെ നിലയില്‍ തുടരും. എന്‍സിസിയുടെ ഓരോ പ്രവര്‍ത്തനഘട്ടവും ഒരു കോഴ്സ് ഘടനയിലേക്കു മാറ്റാവുന്ന തരത്തിലാണ് അഴിച്ചുപണി.

100 മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം. ഇതില്‍ സിദ്ധാന്തത്തിനും പ്രയോഗത്തിനും 30 മാര്‍ക്ക് വീതമുണ്ടാവും. ക്യാമ്പ് പങ്കാളിത്തത്തിന് 20, പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തനങ്ങള്‍-15 എന്നിവയ്ക്കു പുറമേ, ഹാജറും അച്ചടക്കവും വിലയിരുത്തി അഞ്ചുമാര്‍ക്കും നല്‍കും. രക്തദാനവും ശുചിത്വ ഭാരതയജ്ഞവും സാമൂഹിക സേവനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗ, വൃക്ഷത്തൈ നടീല്‍, ഗതാഗത ബോധവത്കരണം തുടങ്ങിയവ പ്രാക്ടിക്കലിലും ഉള്‍പ്പെടുത്തി.

സിദ്ധാന്തപാഠങ്ങള്‍

ദുരന്തനിവാരണം, പ്രഥമ ശുശ്രൂഷ, സര്‍ക്കാരിന്റെ സാമൂഹികവികസന പദ്ധതികളുടെ നിര്‍വഹണം, വ്യക്തിത്വവികാസം, ദേശീയ പ്രതിബദ്ധത, കാലാവസ്ഥാ വ്യതിയാനം, ജലസംരക്ഷണം, മഴവെള്ള സംഭരണം.

പ്രായോഗികപാഠങ്ങള്‍

ഡ്രില്‍, പരിശീലനം, ക്യാമ്പ് പങ്കാളിത്തം, ശുചീകരണയജ്ഞം, യോഗ, കായികക്ഷമത, രക്തദാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!