ഗ്രൂപ്പ് ചാറ്റുകളിൽ ത്രെഡ് സൗകര്യവുമായി വാട്സാപ്പ്

ഗ്രൂപ്പ് ചാറ്റുകളിൽ ത്രെഡ് സങ്കേതം അവതരിപ്പിച്ചിരിക്കയാണ് വാട്സാപ്പ്. ഒരു വിഷയത്തിൽ പ്രതികരിക്കുന്ന ചാറ്റുകളും അവയ്ക്ക് നേരെ വരുന്ന ഉപ ചാറ്റുകളും ഇനി ഒറ്റ ശൃംഖലയായി കാണാം. ഒരു വിഷയം ചർച്ച ചെയ്യുന്നതിനിടെ വന്നു കയറിയ ഇതര സന്ദേശങ്ങളിൽ നിന്നും നിങ്ങൾക്ക് ലഭിച്ച പ്രതികരണങ്ങൾ ഒറ്റ ചരടിൽ കോർത്ത് ക്രമത്തിൽ കാണാം. റെഡ്ഡിറ്റിലോ എക്സിലോ നേരത്തെ പരിചയിച്ചതിന് സമാനമാണിത്. ഇത് പുതിയ സന്ദേശങ്ങൾക്ക് മാത്രമേ ബാധകമാകൂ. പഴയവ പുനഃക്രമീകരിക്കില്ല. ഗ്രൂപ്പ് ചാറ്റുകൾ എളുപ്പത്തിൽ പിന്തുടരാൻ കഴിയുന്ന തരത്തിൽ ആൻഡ്രോയിഡ് ബീറ്റയിൽ ആണ് വാട്ട്‌സ്ആപ്പ് മെസേജ് ത്രെഡുകൾ പരീക്ഷിച്ചിട്ടുള്ളത്.വരാനിരിക്കുന്ന സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഒരു വിഷയത്തിലെ ചാറ്റിനിടയിൽ പ്രസക്തമായ മറുപടി കണ്ടെത്തുന്നതും സംഭാഷണത്തിൽ അതേ വിഷയം പിന്തുടരുന്നതിനും എളുപ്പമാവും. ഒരു ത്രെഡ് സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞാൽ വാട്ട്‌സ്ആപ്പ് അവയെുടെ തുടർച്ചയയെ സ്വയമേവ ഒരു ചങ്ങല പോലെ ചേർത്ത് കാണാവുന്ന വിധം ക്രമീകരിക്കും. അതുവഴി സംഭാഷണം ഘടനാപരവും അയച്ചയാൾക്ക് വായിക്കാൻ എളുപ്പവുമായി ക്രമീകരിക്കപ്പെടും. പഴയ മുഴുവൻ സന്ദേശങ്ങളും സ്ക്രോൾ ചെയ്ത് തിരഞ്ഞ് പോകേണ്ടതില്ല. ഈ ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലായതിനാൽ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് പൊതുജനങ്ങളിലേക്ക് എത്താൻ ഏതാനും ആഴ്ചകൾ എടുത്തേക്കാം.
എങ്ങിനെയാണ് പ്രവർത്തിക്കുക
ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമേ ത്രെഡുകൾ ദൃശ്യമാകൂ. ഒരു സന്ദേശത്തിന് വ്യത്യസ്ത ഉപയോക്താക്കളിൽ നിന്ന് കുറഞ്ഞത് രണ്ട് മറുപടികളെങ്കിലും ലഭിക്കുമ്പോൾ അവ പ്രവർത്തിക്കാൻ തുടങ്ങും.
ഒറിജിനൽ സന്ദേശത്തിന് കീഴിൽ ഒരു ചെറിയ “X മറുപടി” ഐക്കൺ ദൃശ്യമാകും.
ഇവിടെ X എന്നത് മറുപടികളുടെ എണ്ണമാണ്. ആ ഐക്കണിൽ ടാപ്പ് ചെയ്യുമ്പോൾ എല്ലാ മറുപടികളും ക്രമത്തിൽ ലിസ്റ്റ് ചെയ്യുന്ന ഒരു വിൻഡോ തുറക്കും.
ത്രെഡിനുള്ളിൽ പോസ്റ്റ് ചെയ്യുന്ന മറുപടികൾ “ഫോളോ-അപ്പ് മറുപടി” ആയി ഫ്ലാഗ് ചെയ്യപ്പെടും. പ്രധാന ഗ്രൂപ്പ് ഫീഡിൽ അവ ദൃശ്യമാകുകയും ചെയ്യും.
ത്രെഡ് തുറക്കാത്ത ആളുകൾക്ക് സന്ദേശം പൂർണ്ണമായും നഷ്ടപ്പെടില്ല.
ത്രെഡുകൾക്കുള്ളിൽ ത്രെഡുകൾ സൃഷ്ടിക്കാൻ കഴിയില്ല.
മറുപടികൾ പരിധിയിലെത്തുമ്പോൾ പുതിയ സന്ദേശ ത്രെഡുകൾ കാണിക്കും. പക്ഷേ പഴയ സന്ദേശങ്ങൾ പുനഃക്രമീകരിക്കില്ല.