പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള വിദേശ പഠന പദ്ധതി: ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് വിതരണം 15ന്

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗം – പിന്നാക്ക വിദ്യാർത്ഥികൾക്ക് വിദേശ പഠനം സാധ്യമാക്കുന്ന ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി ചരിത്ര നേട്ടത്തിലേക്ക്. ആയിരത്തിലേറെ വിദ്യാർത്ഥികളെ വിദേശ പഠനത്തിനയച്ചതിൻ്റെ പ്രഖ്യാപനവും 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണവും 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടൽ ഹാളിലാണ് പരിപാടി. മന്ത്രി ഒ ആർ കേളു അധ്യക്ഷനാകും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയാകും. വിജ്ഞാനത്തിൻ്റെ വിശാല ലോകത്തേക്കും ആഗോള തൊഴിലിടങ്ങളിലും പട്ടിക വിഭാഗ-പിന്നാക്ക വിദ്യാർത്ഥികളുടെ പ്രവേശനം ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയാണിത്. പദ്ധതി മാനദണ്ഡങ്ങൾ വരുമാന അടിസ്ഥാനത്തിൽ പുതുക്കി പ്രതിവർഷം 310 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന രീതിയിലേക്ക് 2023ൽ മാറ്റിയതാണ് ഈ നേട്ടത്തിന് കാരണം.
പട്ടിക വിഭാഗക്കാർക്ക് 25 ലക്ഷം രൂപ വരെയും പിന്നാക്കക്കാർക്ക് 10 ലക്ഷം രൂപ വരെയുമാണ് സ്കോളർഷിപ്പ് നൽകുന്നത്. 2016ലെ എൽഡിഎഫ് സർക്കാരാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്. ആദ്യ വർഷങ്ങളിൽ വിദേശത്ത് പഠിച്ചവർക്ക് അവിടെ മികച്ച ജോലിയും ലഭ്യമായിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽ 835 പേരും പട്ടികവർഗ വിഭാഗത്തിൽ 95 പേരും പിന്നാക്ക വിഭാഗത്തിൽ 174 പേരും വിദേശപഠനത്തിന് പോയിട്ടുണ്ട്. സ്കോളർഷിപ്പ് ഇനത്തിൽ 213. 86 കോടി രൂപയാണ് 1104 വിദ്യർത്ഥികൾക്കായി സർക്കാർ ചെലവിട്ടത്. ഈ അധ്യയന വർഷം 310 പേർ കൂടി വിദേശ സർവകലാശാലകളിൽ പ്രവേശനം നേടി. എല്ലാ വർഷവും ജനുവരി മുതൽ മാർച്ച് വരെ അപേക്ഷ സ്വീകരിച്ച് മെയ് മാസത്തോടെ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ച് പട്ടിക പ്രസിദ്ധീകരിക്കും. തൊഴിൽ വകുപ്പിൻ്റെ കീഴിലുള്ള ഒഡെപെക് മുഖേനയാണ് തെരഞ്ഞെടുപ്പും യാത്രാ നടപടികളും പൂർത്തിയാക്കുന്നത്. ലോകത്തിലെ മികച്ച 500 സർവകലാശാലകളിൽ പ്രവേശനം നേടുന്നവർക്കാണ് സ്കോളർഷിപ്പ്. പെൺകുട്ടികൾ, ശാരീരിക വൈകല്യമുള്ളവർ, ഏക രക്ഷിതാവുള്ള കുട്ടികൾ എന്നിവർക്ക് മുൻഗണനയുണ്ട്. മെഡിക്കൽ, എഞ്ചിനീയറിങ്ങ്, സയൻസ്, അഗ്രികൾച്ചർ, മാനേജ്മെൻ്റ്, നിയമം, സോഷ്യൽ സയൻസ് തുടങ്ങിയ കോഴ്സുകളിൽ ബിരുദാനന്തര ബിരുദത്തിനാണ് സ്കോളർഷിപ്പ് നൽകുന്നത്.