മട്ടന്നൂരിലെ ഡോക്ടറിൽ നിന്നു 4.43 കോടി തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

കണ്ണൂർ: ഡോക്ടറിൽ നിന്നും 4.43 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഓൺലൈൻ ഷെയർ വ്യാപാരത്തിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നു നാല് കോടി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി എറണാകുളം പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല സ്വദേശി ഇലഞ്ഞിക്കാട്ട് ഹൗസിൽ സൈനുൽ ആബിദിനെ (43) ആണ് കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശാനുസരണം സൈബർ ക്രൈം പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസിൽ ഇതോടെ മൂന്ന് പ്രതികളാണ് പിടിയിലാത്. ഡി ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്, അഡീ. എസ്പി സജേഷ് വാഴാളപ്പിൽ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ടി ജേക്കബ്, സൈബർ ക്രൈം പോലീസ് ഉൾപ്പെട്ട സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. എസ്ഐ മാരായ പ്രജീഷ് ടി പി, എ എസ് ഐ പ്രകാശൻ വിവി, സി പി ഒ സുനിൽ കെ, എസ് സിപിഒ ജിതിൻ സി എന്നിവരാണ് പ്രതിയെ എറണാകുളത്ത് നിന്നു പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.