മാറുന്ന കാലവും മാറിയ വിപണിയും: കണ്ണൂർ സർവകലാശാല വിളിക്കുന്നു; സംരംഭകരേ ഇതിലേ

Share our post

കാലം മാറുമ്പോള്‍ കലാശാലകള്‍ക്കും മാറാതെ വയ്യ. വിജ്ഞാന വിതരണം എന്ന പരമ്പരാഗത സങ്കല്‍പ്പത്തിലും ആവിഷ്കാരത്തിലും മാത്രം ഒതുങ്ങി നില്‍ക്കാതെ മാറിയ കാലത്തിന്‍റെ വിശാല വിഹായസ്സിലേക്ക് ചിറകുകള്‍ വീശിപ്പറക്കുകയാണ് കണ്ണൂര്‍ സര്‍വകലാശാല. ആശയങ്ങളുടെ തീപ്പൊരിയുമായി ചെറുപ്പക്കാര്‍ കടന്നു വരുമ്പോള്‍ സര്‍വകലാശാല അവര്‍ക്കായി പാതകള്‍ തുറന്നിടുന്നു. സ്റ്റാര്‍ട്ട് അപ്പുകള്‍ വിസ്മയ വിജയം കുറിക്കുമ്പോള്‍ അവര്‍ക്കായി പുതുവഴി തുറന്ന സര്‍വകലാശാലയും സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസും ചാരിതാര്‍ഥ്യ നിറവില്‍. 2023 ജൂണില്‍ സ്ഥാപിച്ച കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്നവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ ഫൗണ്ടേഷന് (കെയു-ഐഐഎഫ്) ലഭിച്ച സ്വീകാര്യതയും വിജയവും സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സര്‍വകലാശാലയുടെ അത്യുല്‍സാഹത്തിനും പ്രതിബദ്ധതയ്ക്കും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ അകമഴിഞ്ഞ പിന്തുണയും കിട്ടിയതോടെ താവക്കര ക്യാംപസില്‍ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്‍ററിനോട് ചേര്‍ന്ന് സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ ലീപ് സെന്‍ററും പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. Launch Empower Accelerate Prosper എന്നതിന്‍റെ ചുരുക്കെഴുത്തായി LEAP എന്ന സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആശയത്തെ സംരംഭകര്‍ക്കു മുന്നിലേക്ക് അവതരിപ്പിക്കുമ്പോള്‍ അതിന്‍റെ വിജയത്തെക്കുറിച്ച് സർവകലാശാലയ്ക്കോ സ്കൂള്‍ ഓഫ് മാനേജ്മെന്‍റിനോ തെല്ലും ആശങ്കയുണ്ടായിരുന്നില്ല. കാരണം, മാറിയ കാലത്തിന്‍റെ ചലനങ്ങള്‍ അവര്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ്.

മാറിയ കാലത്തിനൊത്തു സഞ്ചരിക്കാനുള്ള സര്‍വകലാശാലയുടെ ശ്രമങ്ങള്‍ക്കു വലിയ പിന്തുണയാണ് കണ്ണൂരിലെയും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള വ്യാപാരി – സംരംഭക സമൂഹത്തില്‍ നിന്നു ലഭിച്ചത്. കണ്ണൂര്‍ സ്വദേശിയും റീഡിഫ് മെയില്‍ സ്ഥാപകനും സിഇഒയുമായ അജിത് ബാലകൃഷ്ണന്‍റെ അകമഴിഞ്ഞ പിന്തുണ എടുത്തു പറയേണ്ടതാണ്. ബിസിനസ് ഇ‍ന്‍ക്യുബേഷന്‍ സെന്‍ററിന്‍റെ തുടക്കം മുതല്‍ തന്നെ റീഡിഫ് മെയില്‍ സ്ഥാപകനും സിഇഒയുമായ കണ്ണൂര്‍ സ്വദേശിയായ അജിത് ബാലകൃഷ്ണന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ മെന്‍ററായും പ്രവര്‍ത്തിക്കുന്നുണ്ട്. ‘അദ്ദേഹത്തിന്‍റെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം സര്‍വകലാശാലയുടെ ഈ സംരംഭത്തിനൊപ്പം നില്‍ക്കുന്നു എന്നത് ഞങ്ങളുടെ ഈ ശ്രമത്തിന് അദ്ദേഹം നല്‍കുന്ന പ്രാധാന്യത്തെ കാണിക്കുന്നു,’ സര്‍വകലാശാല സംരംഭകത്വ കോഓര്‍ഡിനേറ്റര്‍ ഡോ. യു. ഫൈസല്‍ പറയുന്നു. ‘ചിലരുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലല്ല മുന്നോട്ടു പോവുന്നതെന്നു കാണുമ്പോള്‍ അതുമായി മുന്നോട്ടു പോകേണ്ടതില്ല എന്നു കര്‍ശനമായി പറയാറുണ്ട് അദ്ദേഹം. എങ്ങനെയാണ് ഒരാള്‍ വിജയത്തിലേക്കെത്തുന്നതെന്ന് എന്ന് അദ്ദേഹത്തിന് അനായാസം മനസിലാക്കാന്‍ സാധിക്കും. അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്തും അദ്ദേഹം പ്രവര്‍ത്തിക്കുന്ന മേഖലയിലെ വൈദഗ്ധ്യവും തുടക്കക്കാര്‍ക്കു ഗുണകരമാവുന്നുണ്ട് ,’ ഡോ. ഫൈസല്‍ പറഞ്ഞു.

സ്റ്റാർട്ടപ് മിഷനുമായി ചേർന്ന് ആദ്യമായിട്ടാണ് ഒരു സർവകലാശാല ലീപ് സെന്റർ ആരംഭിക്കുന്നത്. സ്റ്റാർട്ടപ് മിഷന്റെ മലബാർ ഇന്നവേഷൻ കോറിഡോർ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈയൊരു സഹകരണം. ഇതിന്റെ ഭാഗമായി സർവകലാശാലയിൽ 75 സീറ്റുകൾ ഒരുക്കും. സ്റ്റാർട്ടപ് തുടങ്ങാൻ താൽപര്യമുള്ളവർക്ക് ഇത് വാടകയ്ക്കെടുക്കാം. സീറ്റിന് സംരംഭകരില്‍ നിന്ന് പ്രതിമാസ വാടക ഈടാക്കും. സര്‍വകലാശാല വിദ്യാര്‍ഥികളാണ് സംരംഭകരായി വരുന്നതെങ്കില്‍ അവര്‍ക്ക് പ്രതിമാസ വാടകയില്‍ ഇളവുകള്‍ അനുവദിക്കും. ഇതു കൂടാതെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നാലു ശതമാനം ഗ്രേസ് മാര്‍ക്കും 20 ശതമാനം അറ്റന്‍ഡന്‍സ് ഇളവും നല്‍കുന്നുണ്ട്. ആശയങ്ങളുമായി വരുന്നവർക്ക് അതൊരു സംരംഭമാക്കി വളർത്തിയെടുക്കുന്നതുവരെ സര്‍വകലാശാല കൂടെയുണ്ടാകും. ഇന്നവേഷൻ സെന്ററിൽ നിലവിൽ ഇരുപതോളം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം വിദേശ സര്‍വകലാശാലകളിലെപ്പോലെ പഠനത്തിനൊപ്പം വരുമാനം എന്ന സങ്കല്‍പ്പത്തിലേക്കും ലീപ് സെന്‍റര്‍ കൈപിടിച്ചു നടത്തുന്നു. പഠന കാലയളവില്‍ തന്നെ വിപണിയെയും വ്യാപാരത്തെയും സംബന്ധിച്ച കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനും അവര്‍ക്ക് ഈ കേന്ദ്രത്തിലൂടെ അവസരങ്ങള്‍ തുറന്നു കിട്ടുന്നു.

മൗലികതയുള്ള ആശയങ്ങളും അതു നടപ്പിലാക്കാനുള്ള കൃത്യമായ പദ്ധതിയുമാണ് ഒരു സംരംഭകന് അത്യാവശ്യമായി വേണ്ടതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. സാജു പറയുന്നു. വിപണിയെ മനസ്സിലാക്കി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍വകലാശാലയുടെ സഹായവും ലഭ്യമാക്കും. ‘നവസംരംഭകര്‍ക്ക് വലിയ സഹായമാണ് ഈ ലീപ് സെന്‍റര്‍. കാരണം വളരെ ചുരുങ്ങിയ വാടകയ്ക്കാണ് അവര്‍ക്ക് ഒരു തൊഴിലിടം ലഭിക്കുന്നത്. അതു കൂടാതെ ഈ മേഖലയിലെ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവിടെ നിന്ന് വിജയഗാഥകള്‍ രചിച്ചവരുമുണ്ട്,’ വി.സി. പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ഥിയായിരുന്ന സി.പി. ജിയാദിന്‍റേത് അത്തരമൊരു വിജയകഥയാണ്. പലവിധ സാങ്കേതിക തകരാറുകള്‍ മൂലം വഴിയില്‍ കുടുങ്ങിപ്പോകുന്ന വാഹനങ്ങള്‍ നന്നാക്കുന്നതിനായി എങ്ങനെ സാങ്കേതിക വിദ്യ ഉപയോഗിക്കാം എന്ന ചിന്തയില്‍ നിന്നാണ് കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജിയാദ് (29) തന്‍റെ റോഡ്മേറ്റ് എന്ന ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. രണ്ടു ലക്ഷം രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച സംരംഭം ഇപ്പോള്‍ പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയം നേടി മുന്നോട്ടു കുതിക്കുകയാണ്. വരും ദിവസങ്ങളില്‍ വാഹനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സേവനത്തെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തയാറെടുക്കുകയാണ് ജിയാദ് . കുത്തകകളെ ഒഴിവാക്കി ചെറുകിട വ്യാപാരികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് ജിയാദ് തന്‍റെ സംരംഭത്തെ വിപുലമാക്കാന്‍ ഉദ്ദേശിക്കുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് ബ്രാന്‍ഡ് അംബാസഡര്‍.

മലപ്പുറം സ്വദേശി മുഹമ്മദ് അന്‍ഫലും(26) ശ്രീകണ്ഠപുരം സ്വദേശി വി.വി. സജിനും(25) സര്‍വകലാശാലയില്‍ നിന്ന് ഡെയറി എന്‍ജിനീയറിങ് കഴിഞ്ഞതിനു ശേഷമാണ് സെന്നവേറ്റീവ് അഗ്രോ പ്രൊഡക്ട്സ് സ്റ്റാര്‍ട്ട് അപ് സംരംഭവുമായി ഇറങ്ങുന്നത്. സര്‍വകലാശാലയിലെ സ്റ്റാര്‍ട്ട് അപ് സൗകര്യം ഉപയോഗിച്ചു കൊണ്ട് നെയ്യ്, പനീര്‍, തൈര് മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഇവര്‍ നൂതന സാങ്കേതിക വിദ്യയിലൂടെ വിപണിയിലെത്തിച്ചു. ഇപ്പോള്‍ കണ്ണൂര്‍, കോഴിക്കോട്, മംഗളൂരു വിമാനത്താവളങ്ങളിലും ഒട്ടേറെ ഹോട്ടലുകളിലും ഫ്ലൈറ്റ് കിച്ചനുകളിലും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു. ശരീരം തളര്‍ന്ന രോഗികളുടെ ചലനം എളുപ്പമാക്കുന്ന സാങ്കേതികവിദ്യയാണ് ആസ്ട്രെക് ഇന്നവേഷന്‍ എന്ന സംരംഭത്തിലൂടെ റോബിന്‍ തോമസും ജിതിന്‍ വിദ്യ അജിത്തും പരിചയപ്പെടുത്തുന്നത്. വിദേശങ്ങളിലടക്കം ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. സ്ഥാപകരായി അലക്സ് എം സണ്ണിയും വിഷ്ണു ശങ്കറും കൂടെയുണ്ട്. കാര്‍ഷികമേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ സാങ്കേതിക വിദ്യയിലൂടെ നടപ്പിലാക്കുന്ന ഡോ. രാജി സുകുമാര്‍ നേതൃത്വം നല്‍കുന്ന ടെക്ടേണും വിജയത്തിലെത്തിയ മറ്റൊരു സംരംഭമാണ്. നൂതന ആശയങ്ങളും വിപണിയുടെ ആവശ്യം അറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമുണ്ടെങ്കില്‍ വിപണിയില്‍ കാലുറപ്പിക്കാനും വിജയം കൊയ്യാനുമാവുമെന്ന് ഒരു സംഘം ചെറുപ്പക്കാര്‍ തെളിയിക്കുകയാണ്. അധ്യാപനവും അധ്യയനവും എന്ന പരമ്പരാഗത കാഴ്ചപ്പാടില്‍ മാത്രം കെട്ടിയിടപ്പെടാതെ മാറിയ ലോകത്തിനൊപ്പം സഞ്ചരിക്കുന്ന സര്‍വകലാശാല അധികൃതരും ഈ മാറ്റത്തിനു വഴി തെളിക്കുന്നുണ്ട്.

സര്‍വകലാശാല മാനേജ്മെന്‍റ് സ്റ്റഡീസ് വിഭാഗം പാലയാട് ക്യാംപസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 2015 ല്‍ ആണ് സംരംഭകരെ സഹായിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ഓന്‍ട്രപ്രനര്‍ഷിപ് ഡെവലപ്മെന്‍റ് ക്ളബ് എന്ന പേരിലായിരുന്നു ആദ്യ ചുവടുവയ്പ്. ആദ്യമൊക്കെ പ്രവര്‍ത്തനങ്ങള്‍ സംരംഭകര്‍ക്കുള്ള ചെറിയ പരിശീലനങ്ങളില്‍ ഒതുങ്ങുകയായിരുന്നു. തുടര്‍ന്ന് 2023ല്‍ ആണ് ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്‍റര്‍ എന്ന ആശയത്തിലേക്കെത്തുന്നത്. ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിന് സര്‍വകലാശാലയ്ക്കു മുന്നിലുണ്ടായിരുന്ന പ്രതിബന്ധം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള അധിക സാമ്പത്തിക ബാധ്യത തന്നെയായിരുന്നു. ലക്ഷ്യം മഹത്തരമാവുമ്പോള്‍ അതിന്‍റെ സാക്ഷാത്കാരത്തിനായി വിധിയും സാഹചര്യമൊരുക്കുന്നു. അങ്ങനെയാണ് കണ്ണൂര്‍ സ്വദേശിയും റീഡിഫ് മെയില്‍ സ്ഥാപകനുമായ അജിത് ബാലകൃഷ്ണന്‍ ഇന്‍ക്യുബേഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്. ഈ കേന്ദ്രത്തിന്‍റെ പ്രധാന സവിശേഷതയായി സര്‍വകലാശാല എടുത്തു കാണിക്കുന്നത് ഇത് ഒരു സെക്ഷന്‍ 8 കമ്പനി ആണെന്നതാണ്. സെക്ഷന്‍ 8 കമ്പനി നിയമാവലി അനുസരിച്ച് ഈ സംരംഭത്തില്‍ നിന്നുള്ള ലാഭം സംരംഭത്തിന്‍റെ തന്നെ വികസനത്തിനായി മാത്രമേ ചെലവഴിക്കാനാവൂ. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനു പോലും ഒറ്റ രൂപ എടുക്കാനാവില്ല. പക്ഷേ, പുറത്തു നിന്ന് ധനസഹായം സ്വീകരിക്കാനും സാധിക്കും. ലീപ് സെന്‍ററില്‍ നിലവില്‍ മുന്നൂറോളം ചെറുപ്പക്കാര്‍ ഈ സൗകര്യം ഉപയോഗിച്ച് വിവിധ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ലീപ് സെന്‍റര്‍ ഉദ്ഘാടനവേളയില്‍ അജിത് ബാലകൃഷ്ണന്‍ ഊന്നിപ്പറഞ്ഞത് മാറിയ കാലത്തെക്കുറിച്ചും സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന അദ്ഭുതകരമായ മാറ്റത്തെക്കുറിച്ചും തന്നെയാണ്. യന്ത്രബുദ്ധിയും മനുഷ്യന്‍റെ സര്‍ഗാത്മകതയും ഒത്തു ചേരുമ്പോള്‍ സംഭവിക്കുന്ന വിപ്ളവാത്മകമായ മാറ്റത്തെക്കുറിച്ചായിരുന്നു. അധ്യാപകരോടും വിദ്യാര്‍ഥികളോടും കാലത്തിന്‍റെ മാറുന്ന ചലനങ്ങളെ ഉള്‍ക്കൊള്ളാനും അവസരങ്ങളെ പ്രയോജനപ്പെടുത്താനും അദ്ദേഹം പറഞ്ഞു. പുതിയ ആശയങ്ങളുമായി ഇറങ്ങുന്ന നവസംരംഭകരോട് സാമ്പത്തിക ജാഗ്രതയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു അദ്ദേഹം. പരാജയപ്പെടാനുള്ള സാധ്യത വിലയിരുത്തി വലിയ രീതിയില്‍ സാമ്പത്തിക ബാധ്യത വരാതെ വേണം സംരംഭ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ എന്ന് മുന്നറിയിപ്പും നല്‍കി. എന്നാല്‍ മാത്രമേ തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയവഴികളിലേക്കെത്താന്‍ കഴിയൂ, അജിത് ബാലകൃഷ്ണന്‍ പറഞ്ഞു. പതിവു ശീലങ്ങളില്‍ നിന്ന് വഴി മാറി നടക്കുകയാണ് കണ്ണൂര്‍ സര്‍വകലാശാല. പരീക്ഷണങ്ങള്‍ വിജയപഥത്തിലെത്തുമ്പോള്‍ അതിനു നേതൃത്വം നല്‍കുന്നവര്‍ കൂടുതല്‍ ഉല്‍സാഹത്തോടെ പുതിയ പരീക്ഷണങ്ങള്‍ക്ക് വേദിയൊരുക്കുന്നു. സര്‍വകലാശാലയെ ഒരു ഇന്നവേഷന്‍ സര്‍വകലാശാല എന്ന തലത്തിലേക്ക് ഉയര്‍ത്തിയെടുക്കാനാണ് ശ്രമം എന്ന് വി.സി. ഡോ. കെ.കെ. സാജു ആവര്‍ത്തിച്ചു പറയുന്നുമുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ, മാറുന്ന കാലത്തിന്‍റെ പുതുചലനങ്ങളെ ഉള്‍ക്കൊണ്ട് ഒരു സംഘം ചെറുപ്പക്കാര്‍ ഇവിടെ സംരംഭകത്വത്തിന്‍റെ പുത്തന്‍ മാതൃകകള്‍ വിജയിപ്പിച്ചെടുക്കുകയാണ്. അധ്യയനത്തിന്‍റെ, പഠനത്തിന്‍റെ, വാര്‍പ്പ് മാതൃകകള്‍ പൊളിച്ചെറിഞ്ഞ് ഒരു സര്‍വകലാശാല അതിനുള്ള കളരിയൊരുക്കുകയും ചെയ്യുന്നു. വിശാലമായ ലോകത്തേക്ക് കടന്നുചെല്ലുന്നതിനായി യുവാക്കളെ അവര്‍ സജ്ജരാക്കുകയാണ്. ആശയവും സാങ്കേതികവിദ്യയും കൈകോര്‍ക്കുമ്പോള്‍ വിപണിയില്‍ സംഭവിക്കുന്ന വിസ്മയ രൂപാന്തരങ്ങളുടെ പുത്തന്‍ മാതൃകകളുടെ പരീക്ഷണശാല കൂടിയാവുകയാണ് കണ്ണൂര്‍ സര്‍വകലാശാലയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്നൊരുക്കിയ ലീപ് സെന്‍റര്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!