കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിൽ കൂടി ഇനി അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ കൂടി ഈ സംവിധാനം ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകും. കൊച്ചി വിമാനത്താവളത്തിലും കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഈ സംവിധാനം നിലവിലുണ്ട്. ഇതോടെ കേരളത്തിൽ മൂന്നിടത്ത് അതിവേഗ എമിഗ്രേഷന്‍ സംവിധാനം നിലവിൽ വന്നിരിക്കുകയാണ്. ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് പുതിയ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. ബയോമെട്രിക്ക്, വ്യക്തിവിവരങ്ങള്‍ നല്കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താല്‍ നീണ്ട ക്യൂ ഒഴിവാക്കി ഓട്ടോമേറ്റഡ് ഇ-ഗേറ്റുകളിലൂടെ സുഗമമായി പുറത്തേക്ക് പോകാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ആവശ്യമായ യോഗ്യതയും പരിശോധനകളും അടിസ്ഥാനമാക്കിയാണ് പ്രോഗ്രാമിലേക്കുള്ള എൻറോൾമെന്റ് നടത്തുക. ദില്ലി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിലാണ് നിലവിൽ എഫ്ടിഐ-ടിടിപിയുടെ കീഴിലുള്ള ഇ-ഗേറ്റ്സ് സൗകര്യമുള്ളത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് പുറമെ തിരുച്ചിറപ്പള്ളി, അമൃത്സര്‍, ലക്നൗ വിമാനത്താവങ്ങളിലും അതിവേഗ എമിഗ്രേഷന്‍ സംവിധാനത്തിന് ഇപ്പോൾ തുടക്കമായിരിക്കുകയാണ്. ഇത് ഇന്ത്യയിലെ 21 വിമാനത്താവളങ്ങളിൽ കൂടി നടപ്പാക്കാനാണ് ആലോചിക്കുന്നത്.