പുഴയുടെ കുളിരണിയാം, മുളങ്കാടിന്റെ പാട്ടുകേൾക്കാം

പയ്യന്നൂർ: താഴെ ശാന്തമായൊഴുകുന്ന പെരുമ്പപുഴ. ചാരെ സംഗീതം പൊഴിക്കുന്ന മുളങ്കാടുകൾ. കാടിന്റെ പാട്ടുകേട്ട് കാട്ടാറിന്റെ കുളിരണിഞ്ഞ് നടക്കാൻ മാടി വിളിക്കുകയാണ് ചെറുതാഴം കോട്ടക്കുന്നിലെ മുളന്തുരുത്ത്. ചെറുതാഴം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിതകേരള മിഷൻ, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ എന്നിവർ ചേർന്ന് രൂപകൽപന ചെയ്ത പദ്ധതിയായ മുളന്തുരുത്ത് ഇക്കോ പാർക്ക് സഞ്ചാരികളെ മാടി വിളിക്കുന്നു. 2023 ജൂൺ ഒന്നിനാണ് കാടുമൂടിക്കിടന്നിരുന്ന ഈ പ്രദേശം മനോഹരമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളും കോളജ്, സ്കൂൾ എൻ.എസ്.എസ് വളന്റിയർമാർ, ഗ്രീൻ ബ്രിഗേഡ്, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി ജനകീയ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി തുടങ്ങിയതും മനോഹരമാക്കി മാറ്റിയതും. ഫോട്ടോ ഷൂട്ടിനും റീൽസിനും ഒഴിവുസമയം ആഘോഷിക്കാനും നിരവധി പേരാണ് ഇവിടെയെത്തുന്നത്.