31 പേർകൂടി പൊലീസ് സേനയുടെ ഭാഗമായി

മലപ്പുറം: മലപ്പുറം എംഎസ്പി ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ 31 പേർകൂടി കേരള പൊലീസ് സേനയുടെ ഭാഗമായി. എംഎസ്പി ഗ്രൗണ്ടിൽ നടന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അഭിവാദ്യം സ്വീകരിച്ചു. എഡിജിപി എസ് ശ്രീജിത്ത്, ഡിഐജി അരുൾ ആർ ബി കൃഷ്ണ, എംഎസ്പി കമാൻഡന്റ് കെ. സലിൻ എന്നിവർ പങ്കെടുത്തു. എംഎസ്പി അസി. കമാൻഡന്റ് കെ വി രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലാണ് പരിശീലനം നേടിയവർ നിയമിതരായത്. കോട്ടയം സ്വദേശി ആൽബിൻ കെ ജെയിംസൺ പരേഡ് നയിച്ചു. പരിശീലന കാലയളവിൽ മികവ് തെളിയിച്ചവർക്ക് പോലീസ് മേധാവി പുരസ്കാരം നൽകി. ഇൻഡോർ വിഭാഗത്തിൽ അഭിജിത്ത് രാജേന്ദ്രനും ഔട്ട്ഡോർ വിഭാഗത്തിൽ ആൽബിൻ കെ ജയിംസണും ഷൂട്ടിങ് വിഭാഗത്തിൽ കെ സുജീഷും പുരസ്കാരം നേടി. സേനയുടെ ഭാഗമായവരിൽ അഞ്ച് പേർ ബിരുദാനന്തര ബിരുദം നേടിയവരാണ്. 16 പേർ ബിരുദ യോഗ്യതയുള്ളവരും മൂന്ന് പേർ ഡിപ്ലോമ കഴിഞ്ഞവരും ഏഴ് പേർ പ്ലസ്ടു യോഗ്യത ഉള്ളവരുമാണ്.