പുഴയിൽ കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും

മട്ടന്നൂർ: വെളിയമ്പ്ര എളന്നൂരിൽ ഇന്നലെ പുഴയിലെ ഒഴുക്കിൽ പെട്ട് കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഇർഫാന (18) യാണ് ഒഴുക്കിൽപ്പെട്ടത്. വിവിധയിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് മണിക്കൂറുകൾ തിരിഞ്ഞിട്ടും ഇർഫാനയെ കണ്ടെത്താനായില്ല. തുടർന്ന് രാത്രിയോടെ തെരച്ചിൽ നിർത്തി. ശനിയാഴ്‌ച വൈകീട്ട് നാലോടെയാണ് സംഭവം. അവധിയായതിനാൽ വെളിയമ്പ്ര ഏളന്നൂരിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു ഇർഫാന. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. ഖലീൽ റഹ്മാന്റെയും സമീറയുടെയും മകളാണ് ഇർഫാന. കഴിഞ്ഞ ദിവസങ്ങളിൽ മഴ ഉണ്ടായതിനാൽ പഴശ്ശി അണക്കെട്ടിന്റെ ഭാഗമായ പുഴയിൽ ശക്തമായ ഒഴുക്കുള്ളതും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.