സർവകാല റെക്കോർഡുകൾ തിരുത്തി സപ്ലൈകോയുടെ ഓണ വിൽപന

തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപന എത്തിയത് ആഗസ്ത് 27 നായിരുന്നു. ആഗസ്ത് അവസാന വാരം തൊട്ട് പ്രതിദിന വിൽപന റെക്കോർഡുകൾ ഭേദിച്ചു. ഓഗസ്റ്റ് 29 ന് വിൽപന 17.91 കോടിയും 30ന് 19.4 കോടിയും സെപ്തംബർ ഒന്നിന് 22.2 കോടിയും രണ്ടിന് 24.99 കോടിയും മൂന്നിന് 24.22 കോടിയും കടന്നു. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സെപ്തംബർ മൂന്ന് വരെ 1.19 ലക്ഷം ക്വിന്റൽ അരി വില്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ വില്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റർ കേര വെളിച്ചെണ്ണ വില്പനയിലൂടെ 4.95 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ജില്ലാ ഫെയറുകളിൽ 4.74 കോടി രൂപയുടെയും നിയോജക മണ്ഡല ഫെയറുകളിൽ 14.41 കോടി രൂപയുടെയും വില്പന നടന്നു. മഞ്ഞ കാർഡ് വിഭാഗത്തിനും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന ഓണക്കിറ്റിന്റെ വിതരണം ഉത്രാട ദിനത്തിൽ ഉച്ചവരെ 90 ശതമാനം പൂർത്തിയായി.