തകർത്തോണം, പൊന്നോണം; നാളെ ഉത്രാടപ്പാച്ചിൽ, തിരുവോണം ആഘോഷിക്കാൻ ഒരുങ്ങി നാട്

കണ്ണൂർ :തിരുവോണമിങ്ങെത്തി. ഇന്ന് പുരാടം. നാളെ ഉത്രാടപ്പാച്ചിൽ. അത്തം ഒന്നിനു തുടങ്ങിയ ഓണാഘോഷങ്ങളുടെ കലാശക്കൊട്ടാണ് ഇനിയുള്ള നാളുകളിൽ. സദ്യയ്ക്കുള്ള സാധനങ്ങളും ഗംഭീരപൂക്കളം തീർക്കാനുള്ള പൂവും വാങ്ങാനുള്ള പാച്ചിലാണ് നാളെ മഴയൊന്നു മാറി മാനം തെളിഞ്ഞതോടെ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. പുരാടം.. ഉത്രാടം.. കണ്ണടച്ചുതുറക്കും പോലെ തിരുവോണമിങ്ങെത്തി.ഓഫിസുകളിലെല്ലാം ഇന്നലെ പൊടിപൊടിക്കുന്ന ഓണാഘോഷമായിരുന്നു. കലക്ടറേറ്റിലും സർക്കാർ ഓഫിസുകളിലുമെല്ലാം ആഘോഷം തകതെയ് തകതെയ് പാടിക്കൊണ്ടായിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തിയ പൂക്കള മത്സരത്തിൽ വാശിയോടെയാണ് എല്ലാവരും പങ്കെടുത്തത്. കണ്ണൂർ താലൂക്ക് ഓഫിസിൽ ഓപ്പറേഷൻ സിന്ദൂറിനെ ഓർമിപ്പിക്കുന്ന മെഗാ പൂക്കളമാണു തീർത്തത്. കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും മെഗാ പൂക്കളമുണ്ടായിരുന്നു.