കണ്ണൂരിലെ സ്ഥാപനങ്ങളുടെ സൂപ്പര്‍വൈസറും ഭര്‍ത്താവും ചേര്‍ന്ന് 1.40 കോടി രൂപ തട്ടിയതായി പരാതി

കണ്ണൂര്‍: സൗദി അറേബ്യയിലെ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ സ്ഥാപനങ്ങളുടെ സൂപ്പര്‍വൈസറും ഭര്‍ത്താവും ചേര്‍ന്ന് 1.40 കോടി രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍ ശാന്തികോളനിയിലെ സാജിത മന്‍സിലില്‍ ഡോ. മന്‍സൂര്‍ അഹമ്മദ് ചപ്പന്‍ന്റെ പരാതിയിലാണ് സൂപ്പര്‍വൈസറായ ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാനിലയം വീട്ടില്‍ കെ.കെ.സുഗില, ഭര്‍ത്താവ് വിനോദ് എന്നിവരുടെ പേരില്‍ കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തത്. പള്ളിക്കുന്നിലെ ഷെറി ബുക്സ് ആന്റ് സ്റ്റേഷനറി, ഷെറി ആയുര്‍വേദിക്‌സ്, റെയില്‍വെ മുത്തപ്പന്‍ കാവിന് സമീപത്തെ ഷെറി കോമണ്‍ സര്‍വീസ് സെന്റര്‍, ചാലാട്ടെ ഷെറി ഹെല്‍ത്ത് കെയര്‍ സെന്റര്‍, ഷെറി ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ സൂപ്പര്‍വൈസറായിരുന്നു സുഗില. 2024 ഓഗസ്റ്റ് മുതല്‍ ഈ സ്ഥാപനങ്ങളില്‍ നിന്നും പണമായും അക്കൗണ്ട് മുഖേനയും പണം കൈവശപ്പെടുത്തി വഞ്ചന നടത്തിയെന്നാണ് പരാതി. ഇപ്പോള്‍ സൗദി അറേബ്യ അല്‍ഖോബാറില്‍ താമസക്കാരനാണ് ഡോ.മന്‍സൂര്‍ അഹമ്മദ് ചപ്പന്‍.