തലശേരി അമ്മയും കുഞ്ഞും ആശുപത്രി ജനുവരിയിൽ പ്രവർത്തനസജ്ജമാകും

തലശേരി: തലശേരി അമ്മയും കുഞ്ഞും ആശുപത്രി ജനുവരി ആദ്യം ഉദ്ഘാടനം ചെയ്യാൻ സ്പീക്കർ എ എൻ ഷംസീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. അതോടൊപ്പം ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനും ഫർണിച്ചറുകൾ സജ്ജീകരിക്കുന്നതിനുമുള്ള നടപടികളും സമാന്തരമായി നടപ്പാക്കും. ആശുപത്രിക്കാവശ്യമായ പോസ്റ്റ്ക്രിയേഷനുള്ള പ്രൊപ്പോസൽ അടിയന്തരമായി സർക്കാരിന് സമർപ്പിക്കും. തലശേരി കണ്ടിക്കലിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഏഴുനിലകെട്ടിടമാണ് കിഫ്ബി സഹായത്തോടെ അമ്മയും കുഞ്ഞും ആശുപത്രിക്കായി ഒരുങ്ങുന്നത്. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ജനകീയമായി സമാഹരിച്ച 3.5 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിക്കായി സ്ഥലമേറ്റെടുത്തത്. ആശുപത്രിയുടെ പണിപൂർത്തിയാകുന്നതോടെ ഓപ്പറേഷൻ തിയറ്ററടക്കമുള്ള അവിടത്തെ സജ്ജീകരണങ്ങൾ കൂടി ഉപയോഗിച്ച് അപകടാവസ്ഥയിലായ തലശേരി ജനറൽ ആശുപത്രി ഇതിന് സമീപത്തായി ഷിഫ്റ്റ് ചെയ്യും. പ്രവർത്തനം അവസാനിപ്പിച്ച കാസർകോട് ടാറ്റ ആശുപത്രിയുടെ പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയ്നറുകൾ ഉപയോഗിച്ച് താൽക്കാലിക സംവിധാനമൊരുക്കുന്നതും യോഗം ചർച്ച ചെയ്‌തു.