അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നബിദിനാഘോഷം നാളെ തുടങ്ങും

കേളകം : അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ നാളെ മുതൽ ശനിയാഴ്ച വരെ പ്രത്യേകം സജ്ജമാക്കിയ ശംസുൽ ജലമ നഗറിൽ നടക്കുമെന്ന് നബിദിനാഘോഷക്കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച(നാളെ ) രാത്രി ഏഴിന് സാംസ്കാരിക സമ്മേളനംസണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൃശൂർ ഓം നിസ്റ്റ് സൊസൈറ്റി – ഗുരുസ്വാമി ആത്മദാസ്യമി മുഖ്യ പ്രഭാഷണം നടത്തും. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്,കേളകം സർക്കിൾ ഇൻസ്പെക്ടർ ഇംതിയാസ് ത്വാഹ, മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാം സിയാസ് യമാനി, അടക്കാത്തോട് സെയ്ൻ്റ് ജോർജ് മലങ്കര കത്തോലിക ചർച്ച് വികാരി ഫാ. വർഗ്ഗീസ് ചെങ്ങനാമഠത്തിൽ, രിഫായിയ്യ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് അഹ്‌സനി ,അടക്കാത്തോട് സെയ്ൻ്റ് ജോസഫ് ചർച്ച് വികാരി ഫാ. സെബിൻ ഐക്കരത്താഴത്ത്, പള്ളിയറ ദേവീ ക്ഷേത്രം ശാന്തി അമൽ തുടങ്ങിയവർ സംസാരിക്കും. വ്യാഴാഴ്ച വൈകിട്ട് ഏഴിന് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാംസിയാസ് യമാനി മത പ്രഭാഷണം നടത്തും. വെള്ളിയാഴ്ച്ച മൗലിദ് പാരായണം, ഭക്ഷണ വിതരണം വൈകിട്ട് ഏഴ് മുതൽ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ. ശനിയാഴ്ച രാവിലെ ഏഴരക്ക് നബിദിന റാലി, മെഗാ ദഫ്മുട്ട് പ്രദർശനം, കോൽക്കളി പ്രദർശനം, വൈകിട്ട് ഏഴിന് പൂർവ്വ വിദ്യാർഥികളുടെ കലാപരിപാടികൾ. പത്രസമ്മേളനത്തിൽ മസ്ജിദ് ഇമാം സിയാസ് യമാനി, സ്വാഗത സംഘം ചെയർമാൻ മുഹമ്മദലി കൊച്ചഴത്തിൽ, കൺവീനർ അബ്ദുൽ ഖാദർ പാണപ്പുറം , മസ്ജിദ് കമ്മറ്റി സിക്രട്ടറി താജുദ്ദീൻ നാസർ എന്നിവർ സംബന്ധിച്ചു.