മണത്തണ ചപ്പാരം ക്ഷേത്രം നവരാത്രി ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു

മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 1 വരെ നടക്കും. ചപ്പാരം ക്ഷേത്ര പരിപാലനസിമിതി രക്ഷാധികാരി തിട്ടയിൽ വാസുദേവൻ നായർ ആഘോഷ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൂടത്തിൽ നാരായണൻ നായർ അധ്യക്ഷനായി. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ നോട്ടീസിൻ്റെ പ്രകാശനവും നടത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടിൽ നിന്നും ആക്കൽ കൈലാസനാഥൻ നോട്ടീസ് ഏറ്റുവാങ്ങി. ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന സമ്മാനോത്സവത്തിൻ്റെ ആദ്യ കുപ്പൺ തിട്ടയിൽ വാസുദേവൻ നായർ സ്വീകരിച്ചു. ചപ്പാരം ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി സി.വിജയൻ, ആഘോഷ കമ്മിറ്റി കൺവീനർ കുടത്തിൽ ശ്രീകുമാർ, ക്ഷേത്ര കമ്മിറ്റി ജോ. സെക്രട്ടറി മുകുന്ദൻ മാസ്റ്റർ, മാതൃസമിതി സെക്രട്ടറി അനിത ഗോപി, ട്രഷറർ കോലഞ്ചിറ ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്ര പരിസരത്ത് പുതുതായി പണികഴിപ്പിച്ച സ്റ്റേജ് ക്ഷേത്ര ആചാര അനുഷ്ടാന സംരക്ഷണ സമിതി പ്രസിഡന്റ് ഡോ. വി രാമചന്ദ്രൻ സെപ്തംബർ 21ന് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് പ്രാദേശിക കലാകാരന്മാർ ഒന്നിക്കുന്ന ഗാനമേള ഉണ്ടായിരിക്കും. സെപ്തംബർ 22 മുതൽ നവരാത്രി ആഘോഷപരിപാടികൾ ആരംഭിക്കും. ആഘോഷപരിപാടികളുടെ ഉദ്‌ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ നിർവഹിക്കും. വിപുലമായ പരിപാടികളോടെയാണ് ഇത്തവണ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ആഘോഷ കമ്മിറ്റി കൺവീനർ കൂടത്തിൽ ശ്രീകുമാർ അറിയിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി 100 രൂപയുടെ സമ്മാനോത്സവ് കൂപ്പണുകൾ കമ്മിറ്റി വിതരണം ചെയ്യുന്നുണ്ട്. ഒക്ടോബർ 1 വരെയാണ് നവരാത്രി ആഘോഷ പരിപാടികൾ ഉണ്ടായിരിക്കുക.