റെയിൽവേ സ്റ്റേഷനുകളിലെ നീണ്ട ക്യൂവിന് വിട, ടിക്കറ്റ് നൽകാൻ എം-യുടിഎസ് സഹായകുമാരെ നിയമിക്കുന്നു

Share our post

കോഴിക്കോട്: റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റെടുക്കാൻ ഇനി ഏറെനേരം ക്യൂനിന്ന് വലയേണ്ട. നിലവിൽ ടിക്കറ്റ് വിതരണത്തിനുള്ള എല്ലാ സംവിധാനങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ റെയിൽവേ എം-യുടിഎസ് സഹായകുമാരെ നിയമിക്കുന്നു. ഈ സുവിധാ സഹായക്മാർ കൗണ്ടറിനുപുറത്ത് എല്ലാ അൺ റിസർവ്ഡ് ടിക്കറ്റുകളും നൽകും. ദക്ഷിണ റെയിൽവേയിൽ 10 സ്റ്റേഷനുകളിൽ ഇതിന്റെ ആദ്യഘട്ടം ആരംഭിക്കാൻ അനുമതിയായി. ഈ അധികസേവനം ഏതൊക്കെ സ്റ്റേഷനുകളിൽ എന്നത് ഉടൻ തീരുമാനിക്കും. നിലവിലുള്ള എടിവിഎം. (ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ്‌ മെഷീൻ ) കൗണ്ടറുകൾ തുടരും. മൊെൈബെൽ ആപ്പിലൂടെ ടിക്കറ്റ് നൽകാവുന്ന എംയുടിഎസ് (മൊബൈൽ അൺറിസർവ്ഡ് ടിക്കറ്റ് സിസ്റ്റം) മെഷീനുപയോഗിച്ചാണ് പുതിയ രീതിയിൽ ടിക്കറ്റ് നൽകുക. പ്രിന്റ്ചെയ്ത ടിക്കറ്റ്, മെഷീനിൽനിന്നുതന്നെ യാത്രക്കാർക്ക് നൽകാനാവും. ഒരു ലക്ഷം രൂപ ഡെപ്പോസിറ്റ് അടച്ച് റെയിൽവേയുമായി കരാറിൽ ഏർപ്പെട്ട് പ്രവർത്തിക്കുന്ന സുവിധാ സഹായക്മാർക്ക് വിറ്റുപോകുന്ന ടിക്കറ്റുകൾക്ക് അനുസരിച്ച് നിശ്ചിതനിരക്കിൽ കമ്മിഷൻ ലഭിക്കും. റായ്‌പുർ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച ഈ സംവിധാനം പ്രയോജനകരമാണെന്ന് കണ്ടതിനെത്തുടർന്നാണ് രാജ്യവ്യാപകമാക്കാൻ തീരുമാനിച്ചത്.

ടിക്കറ്റിന് യാത്രക്കാർ അധികനിരക്കോ, സർവീസ് ചാർജോ നൽകേണ്ടതില്ല. ടിക്കറ്റ് തുക പണമായും ഡിജിറ്റൽ രീതിയിലും നൽകാം.ഓരോ സ്റ്റേഷനിലും എത്ര സഹായക്മാരുണ്ടാവണമെന്നത് അതത് ഡിആർഎമ്മുമാർ നിശ്ചയിക്കും. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമായിരിക്കും. എല്ലാ ട്രെയിനിലെയും ടിക്കറ്റുകൾ സഹായക്മാരിൽനിന്ന് ലഭിക്കും. പ്ലാറ്റ്ഫോം ടിക്കറ്റും സഹായക്മാരിൽനിന്ന് ലഭിക്കും. സ്ലീപ്പർ ടിക്കറ്റുകളും ഉയർന്ന ക്ലാസ് ടിക്കറ്റുകളും ലഭ്യമാവില്ല. 150 കിലോമീറ്റർവരെ യാത്രയ്ക്കുള്ള ടിക്കറ്റിന് മൂന്നുശതമാനം, 151- 500 കിലോമീറ്ററിന് രണ്ടുശതമാനം 500-നുമുകളിൽ ഒരുശതമാനം എന്ന നിരക്കിലാണ് സഹായക്‌മാരുടെ കമ്മിഷൻ.ഭാവിയിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് ഇത്തരം സംവിധാനങ്ങൾ വ്യാപിപ്പിച്ചാൽ, ടിക്കറ്റ് കൗണ്ടറുകളുടെയും ടിക്കറ്റ് വിതരണജീവനക്കാരുടെയും എണ്ണം കുറയ്ക്കാമെന്നാണ് റെയിൽവേ കണക്കാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!