കണ്ണൂർ സെൻട്രൽ ജയിലിൽ വൈദ്യുതിവേലി സ്ഥാപിക്കും

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മതിലിനുമുകളിൽ ശക്തിയേറിയ വൈദ്യുതിവേലി സ്ഥാപിക്കും. ഇതിനായി 1.22 കോടി രൂപയുടെ നിർദേശം പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം സമർപ്പിച്ചു. അനുമതി ലഭിച്ചയുടൻ നിർമാണം തുടങ്ങും. ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവമുണ്ടായതോടെ പഴുതടച്ച സുരക്ഷാ നടപടികൾക്കാണ് സംസ്ഥാന സർക്കാർ നിർദേശം. ജയിൽചാട്ടം അന്വേഷിക്കുന്ന കമീഷൻ അംഗങ്ങൾ കണ്ണൂരിലെത്തി രണ്ടു ദിവസം തെളിവെടുത്തിരുന്നു. കമീഷന്റെ നിർദേശം സർക്കാരിന് സമർപ്പിക്കും. ഇതിന്റെ ഭാഗമായി ജയിൽ ഉദ്യോഗസ്ഥരുടെ വിശദ നിർദേശങ്ങളും കമീഷൻ കേട്ടു. ജയിൽ മതിലിൽ വൈദ്യുതിയില്ലാത്തതും പ്രധാന സുരക്ഷാവീഴ്ചയായി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ട സമയത്ത് ഉയർന്നിരുന്നു. നിലവിൽ കർശന നിരീക്ഷണമാണ് ജയിലിൽ. പുറത്തുനിന്ന് ഭക്ഷണവും മൊബൈൽഫോണും ലഹരി ഉൽപ്പന്നങ്ങളും ജയിലിലേക്ക് എറിഞ്ഞുകൊടുക്കുന്നുവെന്ന പരാതി പ്രത്യേകം പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ചയും തടവുപുള്ളിയിൽനിന്ന് മൊബൈൽഫോൺ പിടിച്ചു. കഴിഞ്ഞ ഞായറാഴ്ച ഫോണും ലഹരി ഉൽപന്നങ്ങളും എറിഞ്ഞുകൊടുത്ത പുതിയതെരു പനങ്കാവ് ശങ്കരൻകടയ്ക്ക് സമീപത്തെ കെ അക്ഷയ് (27)യെ ജയിലധികൃതർ പിടികൂടിയിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർക്കായി തിരച്ചിൽ ശക്തമാക്കി. കക്കാട് കുഞ്ഞിപ്പള്ളിയിലെ വാടകമുറിയിൽ സൂക്ഷിച്ച ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. 1869ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ജയിലിൽ, അക്കാലത്തെ സൗകര്യങ്ങളാണ് ഇപ്പോഴുമുള്ളത്. 91.32 ഏക്കറിൽ പരന്നുകിടക്കുന്ന ജയിൽവളപ്പിന്റെ സുരക്ഷയ്ക്ക് ജീവനക്കാരുടെ എണ്ണം കൂട്ടാനും കമീഷൻ നിർദേശമുണ്ടാകും. 948 പേരെ തടവിലിടാൻ സൗകര്യമുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിലവിൽ വധശിക്ഷ കാത്തുകഴിയുന്ന നാലുപേർ ഉൾപ്പെടെ 1100ൽ അധികം പ്രതികളുണ്ട്. മൊത്തം വേണ്ടുന്ന ജീവനക്കാർ 213 ആണ്. ഇൗ സ്റ്റാഫ് പാറ്റേൺ പാലിക്കപ്പെടാത്തതും സുരക്ഷാവീഴ്ചയുണ്ടാക്കുന്നു.