72 ട്രിപ്പുകളുമായി കെഎസ്ആർടിസി

എടക്കാട്: കണ്ണൂർ – തോട്ടട– തലശേരി റൂട്ടിൽ ബുധനാഴ്ച ആരംഭിച്ച സ്വകാര്യ ബസ് സമരം രണ്ടാം ദിവസവും പൂർണം. 52 അധിക സർവീസുകൾ ഏർപ്പെടുത്തി കെഎസ്ആർടിസി നാട്ടുകാർക്കൊപ്പം ചേർന്നതിനാൽ യാത്രാക്ലേശം ജനജീവിതത്തെ ബാധിച്ചില്ല. നിലവിൽ ഒരൊറ്റ ബസിനും ഷെഡ്യൂൾ ഇല്ലാത്ത തോട്ടട വഴിയുള്ള കണ്ണൂർ– തലശേരി റൂട്ടിൽ വ്യാഴാഴ്ച 72 ട്രിപ്പുകളാണ് കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തത്. തലശേരി ഡിപ്പോയിൽനിന്ന് ലഭ്യമായ ബസുകൾ ക്രമീകരിച്ച് 52 ട്രിപ്പുകളും കണ്ണൂർ ഡിപ്പോയിൽനിന്ന് നാലു ബസുകളായി 20 ട്രിപ്പുകളുമാണ് സർവീസ് നടത്തിയത്. കണ്ണൂർ തലശേരി റൂട്ടിൽ ചാല ബൈപ്പാസ് വഴി ദീർഘദൂര ബസുകൾ ഒട്ടേറെയുണ്ടെങ്കിലും തോട്ടട വഴി സ്വകാര്യ ഓർഡിനറി ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. സ്വകാര്യബസുകൾ പൂർണമായും സർവീസ് നിർത്തിവച്ചതോടെയാണ് അധിക ട്രിപ്പുകളുമായി കോർപ്പറേഷൻ നിരത്തിലിറങ്ങിയത്. വ്യാഴാഴ്ച പൊതുഅവധിയായതിനാൽ വലിയ തിരക്ക് ബസുകളിൽ ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങളിലുൾപ്പെടെ ഓണാഘോഷം അരങ്ങേറുന്നതും ഓണാവധിക്ക് സകൂൾ പൂട്ടുന്നതുമായതിനാൽ വെള്ളിയാഴ്ചയും കൂടുതൽ അധിക സർവീസുകൾ ഏർപ്പെടുത്തുമെന്ന് കെഎസ്ആർടിസി തലശേരി, കണ്ണൂർ യൂണിറ്റ് ഓഫീസർമാർ പറഞ്ഞു. ദേശീയപാത നിർമാണത്തിന് നടാൽമുതൽ എടക്കാടുവരെയുള്ള പഴയ ദേശീയപാത അടച്ചിരുന്നു. ഇതോടെ തോട്ടട വഴി കടന്നുവരുന്ന വാഹനങ്ങൾ നടാൽ ഗേറ്റിന് സമീപംവച്ച് കണ്ണൂർ ഭാഗത്തേക്ക് തിരികെ ഓടിയിട്ടുവേണം തലശേരി റോഡിലേക്ക് കടക്കാൻ. ഇത് സമയനഷ്ടവും ഇന്ധന നഷ്ടവും ഉണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് ബസുടമകളും ജീവനക്കാരും സമരത്തിനിറങ്ങിയത്. ഗതാഗതം തിരിച്ചുവിട്ട വഴിയിലൂടെ സർവീസ് നടത്താനാകില്ലെന്ന ശക്തമായ നിലപാടിലാണ് ബസുടമകളും ജീവനക്കാരും. എന്നാൽ ഇതേ റൂട്ടിലൂടെയാണ് കെഎസ്ആർടിസി നിലവിൽ സർവീസ് നടത്തുന്നത്. തലശേരി ഭാഗത്തേക്ക് നടാൽ ഗേറ്റ് പരിസരത്തുനിന്ന് അടിപ്പാത വേണമെന്ന ആവശ്യം ശക്തമാണ്. സെപ്തംബർ 11ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട റിവ്യൂയോഗം തിരുവന്തപുരത്ത് ചേരുന്നുണ്ട്. നടാൽ അടിപ്പാതയുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇൗ യോഗത്തിൽ ചർച്ചചെയ്യുമെന്ന് അറിയിച്ചിരുന്നു. അതിന് കാത്തുനിൽക്കാതെ ഓണാഘോഷത്തിന് നാടാകെ ഒരുങ്ങുന്നതിനിടെയാണ് സ്വകാര്യബസുകൾ സർവീസ് നിർത്തിവച്ചത്. നേരത്തെയും ഇതേ കാരണത്താൽ സർവീസ് നിർത്തിവച്ചിരുന്നു.