പടിയൂർ ഇക്കോ ടൂറിസം പദ്ധതിക്ക്‌ 2.40 കോടികൂടി

Share our post

കണ്ണൂർ: പഴശ്ശി പദ്ധതി പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പടിയൂർ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ രണ്ടാം റീച്ച് പൂർത്തീകരിക്കാൻ 2,40,77,460 രൂപകൂടി അനുവദിച്ചതായി കെ കെ ശൈലജ എംഎൽഎ അറിയിച്ചു. സംസ്ഥാനതല ടൂറിസം വർക്കിങ് ഗ്രൂപ്പാണ് പദ്ധതിക്ക്‌ അംഗീകാരം നൽകിയത്. കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, റിക്രിയേഷൻ ഏരിയ വികസനം, വൈദ്യുതീകരണം, ജലവിതരണം എന്നീ പ്രവൃത്തികൾ രണ്ടാം ഘട്ടത്തിൽ പൂർത്തീകരിക്കും. 2022 ഒക്ടോബർ 17നാണ്‌ ആദ്യഘട്ട പ്രവൃത്തിയുടെ ആദ്യ റീച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തത്. ആദ്യ ഘട്ടത്തിൽ പതിമൂന്ന്‌ ഏക്കർ സ്ഥലത്താണ്‌ ടൂറിസം വികസനം. രണ്ടാം ഘട്ടത്തിൽ 15 ഏക്കറിലും. പടിയൂർ ടൗണിൽനിന്ന്‌ പഴശ്ശി പദ്ധതി ജലാശയ തീരത്തെ 1300 മീറ്റർ ദൂരത്തിൽ പുതിയ റോഡും പാർക്കും റസ്‌റ്റോറന്റും പ്രകൃതി സൗഹൃദ വനവും ഉദ്യാന സസ്യങ്ങളുടെ തോട്ടവും നിർമിക്കാൻ 5.66 കോടി രൂപ അനുവദിച്ചു. ഇ‍ൗ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ നിർമാണ പ്രവൃത്തികളാണ്‌ പുരോഗമിക്കുന്നത്‌. രണ്ടാംഘട്ടത്തിൽ പതിനഞ്ച്‌ ഏക്കറോളമുള്ള രണ്ട് തുരുത്തുകളെ ബന്ധിപ്പിച്ച് റോപ് വേ നിർമിക്കും. ഒന്നരയേക്കറിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ നൂതന പദ്ധതിയായ കാരവൻ പാർക്ക്, മൂന്നാംഘട്ടത്തിൽ 20 ഏക്കറോളം വരുന്ന നിടിയോടി, പെരുവമ്പറമ്പ് ഭാഗത്ത് വാട്ടർ പ്ലാന്റ്‌ ഏരിയ, നീന്തൽക്കുളം, തൂക്കുപാലങ്ങൾ, പൂമരങ്ങളുടെ നിരകൾ, വാച്ച് ടവർ, സ്വാഭാവിക വന സന്ദർശന സൗകര്യം, സൗരോർജ -വാതക ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകളുടെ സർവീസ് എന്നിവയും നടപ്പാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!