ഓണം സ്പെഷൽ ഡ്രൈവ്; ലഹരിക്കടത്ത് തടയാൻ തീവ്രപരിശോധന

ഓണാഘോഷങ്ങളുടെ മറവിൽകർണാടകയിൽനിന്നു കേരളത്തിലേക്കു ലഹരി–മദ്യക്കടത്ത് തടയുന്നതിനായി കൂട്ടുപുഴയിൽപൊലീസ്–എക്സൈസ് തീവ്രപരിശോധന. കണ്ണൂർ റൂറൽ പൊലീസിലെ കെ– 9 ബറ്റാലിയനിലെ നർകോട്ടിക് ഡോഗ് ‘ഹീറോ’ എന്ന പൊലീസ് നായയുടെ സേവനവും ചെക്ക് പോസ്റ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മാക്കൂട്ടംചുരം പാതവഴി കർണാടകയിൽനിന്നു കൂട്ടുപുഴവഴികേരളത്തിലേക്കു വൻതോതിൽ ലഹരി വസ്തുക്കളെത്തുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് പരിശോധന ശക്തമാക്കിയത്. കൂട്ടുപുഴ പുതിയപാലം കേന്ദ്രീകരിച്ചു കർണാടകയിൽ നിന്നെത്തുന്ന എല്ലാത്തരം വാഹനങ്ങളും 24 മണിക്കൂറും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മദ്യം, ലഹരി ഉൽപന്നങ്ങൾ, കള്ളപ്പണം, മയക്കുമരുന്ന് എന്നിവ കടത്തുന്നത് തടയുകയാണ് ലക്ഷ്യം. പൊലീസ്, എക്സൈസ് സംഘങ്ങളെക്കൂടാതെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ടീം അംഗങ്ങളും അതിർത്തിയിൽ വിവിധ ഇടങ്ങളിലായി പരിശോധിക്കുന്നുണ്ട് കേരള, കർണാടക എക്സൈസ് സംഘങ്ങളുടെ സംയുക്ത പരിശോധന 30ന് നടക്കും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെയും ഇൻസ്പെക്ടർ ശബരീദാസിന്റെയും നേതൃത്വത്തിലും സിവിൽ പൊലീസ് ഓഫിസർ സിബൻ ബാലന്റെ നേതൃത്വത്തിലും ആയി 15 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന ശക്തമാക്കിയശേഷം എക്സൈസ് 5 കേസുകൾ റജിസ്റ്റർ ചെയ്തു.