ഉദ്ഘാടനത്തിനൊരുങ്ങി ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക മ്യൂസിയം

Share our post

കണ്ണൂർ : മനോധൈര്യം മാത്രം കൈമുതലാക്കി, മെച്ചപ്പെട്ട ജീവിതം ലക്ഷ്യംവെച്ച് തിരുവിതാംകൂർ പ്രദേശങ്ങളിൽനിന്ന് മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയവരുടെ ജീവിതം അടയാളപ്പെടുത്തുന്ന ചെമ്പന്തൊട്ടി ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക മ്യൂസിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. തലശ്ശേരി അതിരൂപത 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഒരേക്കർ സ്ഥലത്ത് ലളിതകലാ അക്കാദമിയുടെ കാക്കണ്ണൻപാറ കലാഗ്രാമത്തിന്റെ മാതൃകയിലാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്.

സാംസ്‌കാരിക വകുപ്പിന്റെ 75 ലക്ഷം രൂപ ചെലവിലാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്. ഇതോടൊപ്പം അഡ്വ. സജീവ് ജോസഫ് എംഎൽഎ അനുവദിച്ച ഏഴ് ലക്ഷം ഉപയോഗിച്ച് ചെമ്പന്തൊട്ടി – നടുവിൽ റോഡിൽ നിന്ന് മ്യൂസിയത്തിലേക്കുള്ള റോഡ് ടാറിഗ് പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ 1.65 കോടി രൂപയും കെ.സി. ജോസഫ് മുൻ എം.എൽ.എയുടെ 50 ലക്ഷം രൂപ ആസ്തി വികസന ഫണ്ടും ചേർത്ത് 2.15 കോടി രൂപയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പിണറായി ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിലവിലെ നിർമാണച്ചുമതല.

കുടിയേറ്റവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, തിരുവിതാംകൂറിന്റെ ചരിത്രം, മറ്റ് ചരിത്ര സംഭവങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ബിഷപ്പ് വള്ളോപ്പള്ളിയുടെ പൂർണകായ വെങ്കല പ്രതിമ മ്യൂസിയത്തിനു മുന്നിലെ റോഡരികിൽ സ്ഥാപിച്ചിട്ടുണ്ട്. ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ജനങ്ങൾക്കായി തുറന്നു നൽകുമ്പോൾ ചരിത്രത്തിന്റെ നിർണായകമായ ഏടുകൾ പുതിയ കാലത്തിലേക്ക് കൂടി അനാവരണം ചെയ്യുകയാണ്.

ഉദ്ഘാടനം ആഗസ്റ്റ് 30ന്

ചെമ്പന്തൊട്ടി ബിഷപ്പ് വള്ളോപ്പള്ളി സ്മാരക മ്യൂസിയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ആഗസ്റ്റ് 30 ന് വൈകിട്ട് 3.30 ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. അഡ്വ. സജീവ് ജോസഫ് എം എൽ എ അധ്യക്ഷനാകും. കെ. സുധാകരൻ എം പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി എന്നിവർ മുഖ്യാതിഥികളാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!