അശ്വന്ത് വിശ്വനാഥിനും അദിൻ പ്രകാശിനും സന്തൂപ് സുനിൽകുമാർ സ്മാരക പുരസ്‌കാരം

Share our post

കൂത്തുപറമ്പ് : വേങ്ങാട് സാന്ത്വനം ട്രസ്റ്റ് പ്രവർത്തകനും ചിത്രകാരനുമായ സന്തൂപ് സുനിൽകുമാറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സന്തൂപ് സുനിൽകുമാർ സ്മാരക പുരസ്‌കാരത്തിന് മട്ടന്നൂർ പോളി ടെക്‌നിക്കിലെ ഗസ്റ്റ് അദ്ധ്യാപകൻ പെരളശേരി മക്രേരിയിലെ അശ്വന്ത് വിശ്വനാഥ്, കണ്ണൂർ ഗവ. ഐ ടി ഐ യിലെ വിദ്യാർത്ഥി കാടാച്ചിറ കോട്ടൂരിലെ അദിൻ പ്രകാശ് എന്നിവരെ തെരെഞ്ഞെടുത്തു. 11,111 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് 31 ന് ഞായറാഴ്ച വൈകുന്നേരം 3.30 ന് കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സിൽ നടക്കുന്ന സന്തൂപ് സുനിൽകുമാർ അനുസ്മരണ ചടങ്ങിൽ സംസ്ഥാന രെജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇരുവർക്കും സമ്മാനിക്കും.

പഠനത്തിലും പഠന ഇതര പ്രവർത്തനങ്ങളിലും അതി ജീവന വഴിയിലൂടെ കടന്ന് വന്ന് മികവ് തെളിയിച്ചവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. പോളിടെക്‌നിക്ക് ബിരുദധാരിയായ അശ്വന്ത് ബി ടെക്ക് പഠനത്തിനിടയിൽ ജീവിത പ്രയാസങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് വെള്ളച്ചാലിൽ ട്യൂഷൻ അധ്യാപകനായി ജോലി നോക്കുകയായിരുന്നു. ഇനിയും ബിടെക് പഠനം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അശ്വന്ത്.ചിത്രരചന, ഉപന്യാസ രചന,പ്രസംഗം തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാന ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്കൂൾ ശാസ്ത്രോത്സവങ്ങളിൽ സ്റ്റിൽ മോഡലിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.സ്കൂൾ കലോത്സവങ്ങളിൽ മികച്ച നടനുള്ള സമ്മാനങ്ങളും നേടിയിട്ടുണ്ട്. സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ ഭാരവാഹിയായ അദിൻ പ്രകാശ് ജില്ലയിലെ പ്രായം കുറഞ്ഞ കളരി ഗുരുക്കളായാണ് അറിയപ്പെടുന്നത്. ഉഴിച്ചിൽ ചവിട്ടി തിരുമ്മൽ തുടങ്ങിയവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കളരിയിലും പഞ്ചകർമ്മയിലും ഡിപ്ലോമ ഹോൾഡറുമാണ്.ദേശീയ,സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!