അധിക സർവീസുമായി വിമാനക്കമ്പനികൾ

മട്ടന്നൂർ: ഓണത്തിരക്ക് പരിഗണിച്ച് കണ്ണൂരിൽനിന്ന് കൂടുതൽ സർവീസ് ഏർപ്പെടുത്തി വിമാനക്കമ്പനികൾ. ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസുമാണ് അധിക സർവീസ് പ്രഖ്യാപിച്ചത്. ഹൈദരാബാദ്-– കണ്ണൂർ റൂട്ടിൽ തുടങ്ങുന്ന ഇൻഡിഗോ സർവീസ് മൂന്നാഴ്ച തുടരും. 6ഇ 7225 വിമാനം രാവിലെ 10.15 ന് ഹൈദരാബാദിൽനിന്ന് പുറപ്പെട്ട് പകൽ 12.20ന് കണ്ണൂരിൽ എത്തും. മടക്ക സർവീസായ 6ഇ 7178 വിമാനം പകൽ 12.40ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 2.40ന് ഹൈദരാബാദിലെത്തും. ഇൻഡിഗോ ഡൽഹി-–കണ്ണൂർ സർവീസും വർധിപ്പിച്ചു. ആഴ്ചയിൽ മൂന്ന് വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. അത് ദിവസേനയുള്ള സർവീസാക്കി മാറ്റി. 6ഇ 2108 വിമാനം ഡൽഹിയിൽനിന്ന് രാത്രി 8.25ന് പുറപ്പെട്ട് 11.25ന് കണ്ണൂരിലെത്തും. മടക്ക വിമാനം 6ഇ 2173 കണ്ണൂരിൽനിന്ന് രാത്രി 11.55ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.10ന് ഡൽഹിയിലെത്തും. ദിനംപ്രതിയുള്ള ഡൽഹി വിമാനം സെപ്തംബർ 15ന് സർവീസ് ആരംഭിക്കും. വലിയ എയർബസ് എ321 വിമാനം സർവീസ് തുടങ്ങി മുംബൈ-–കണ്ണൂർ റൂട്ട് നവീകരിച്ചു. ചെറിയ എ320ന് പകരമാണിത്. നേരത്തെയുള്ള വിമാനത്തിൽ 186 സീറ്റാണ് ഉണ്ടായിരുന്നത്. പുതിയ വിമാനത്തിൽ 232 ആയി വർധിപ്പിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് സെപ്തംബർ ഒന്നുമുതൽ ബംഗളൂരുവിലേക്ക് പുതിയ പ്രതിദിന സർവീസ് ആരംഭിക്കും. രാവിലെ 8.55ന് ബാംഗളുരുവിൽനിന്ന് പുറപ്പെട്ട് 10ന് കണ്ണൂരിലെത്തും. പിറ്റേദിവസം രാവിലെ 10.35ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 11.45 ന് ബംഗളൂരുവിലെത്തും. നേരിട്ടുള്ള സർവീസിനുപുറമേ, എയർ ഇന്ത്യ എക്സ്പ്രസ് ബംഗളൂരുവിനെ ഒരു ട്രാൻസിറ്റ് ഹബ്ബായി ഉപയോഗിച്ച് അഹമ്മദാബാദ്, പുണെ, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്കും ഉത്തരേന്ത്യയിലെ നിരവധി സ്ഥലങ്ങളിലേക്കും കണക്റ്റിവിറ്റി വർധിപ്പിക്കും. ഓണാഘോഷത്തിന് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഉപകാരമാകും വിമാനക്കമ്പനികളുടെ അധിക സർവീസ്.