സെപ്റ്റംബര്‍ മുതല്‍ വെളിച്ചെണ്ണയ്ക്ക് പുതിയ നിരക്ക്

സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ വില സെപ്റ്റംബര്‍ ഒന്നിന് ഒരുതവണ കൂടി കുറയ്ക്കും. ഏജന്‍സികളും മന്ത്രി ജി ആര്‍ അനിലുമായി വെളിച്ചെണ്ണ വില സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ കൊപ്ര വിലയ്ക്ക് ആനുപാതികമായി വില താഴ്ത്തുന്നതിന് നേരത്തെ ധാരണയായിരുന്നു. ഒന്നാം ഘട്ടമായി വില 389-ല്‍ നിന്ന് 349 രൂപയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത് 339 രൂപയാക്കി വീണ്ടും താഴ്ത്തി. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് വിപണി വിശകലനം നടത്തിയശേഷം പുതിയ നിരക്ക് തീരുമാനിക്കും. കേരഫെഡിന്റെ കേര ബ്രാന്റ് 529 രൂപയായിരുന്നത് കൃഷി, ഭക്ഷ്യ വകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള ധാരണയെ തുടര്‍ന്ന് 457 രൂപയാക്കി കുറച്ചാണ് സപ്ലൈകോ വഴി വില്‍ക്കുന്നത്. ഞായര്‍ ഓഫര്‍ എന്ന നിലയില്‍ 445 രൂപയ്ക്ക് വില്‍പ്പന നടത്തിയത് സപ്ലൈകോയ്ക്കും ഗുണമായി. ദിവസവരുമാനം ഒറ്റദിവസം 10 കോടി കവിഞ്ഞു. 30 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയാണ് ശേഖരമുള്ളത്. കേര വിലയും ഒരുതവണ കൂടി കുറയ്ക്കും.