വൈഗശ്രീയ്ക്ക് കുട്ടിക്കർഷക അവാർഡ്

ചൊക്ലി : ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥി വൈഗശ്രീക്കു വീണ്ടും പുരസ്കാരം. 11 വയസ്സുകാരിക്ക് കർഷക അവാർഡ് ലഭിക്കുന്നത് ഇതു രണ്ടാം തവണയാണ്. ചൊക്ലി പഞ്ചായത്ത് കുട്ടിക്കർഷകയ്ക്കുള്ള അവാർഡ് കഴിഞ്ഞ ദിവസം സമ്മാനിച്ചു. കഴിഞ്ഞ വർഷം കരിയാട് പഞ്ചായത്തും ഇതേ അവാർഡ് നൽകി വൈഗയെ ആദരിച്ചിരുന്നു. വൈഗയുടെ വീട്ടുപറമ്പിലെ കൃഷിയിടത്തിൽ പൊട്ടിക്ക, ചീര, തക്കാളി, വെണ്ടയ്ക്ക, പാവൽ, പടവലം എന്നിവ സമൃദ്ധമാണ്. ശാസ്ത്രീയമായ കൃഷിരീതിയാണ് തുടരുന്നത്. ചെന്നൈയിൽ ബിസിനസുകാരനായ പിതാവ് ശ്രീകാന്തിന്റെയും രസ്നയുടെയും മകളാണ്. രക്ഷിതാക്കളിൽ നിന്നും യുട്യൂബ് വഴിയുമാണ് പ്രൈമറി സ്കൂൾ വിദ്യാർഥി കൃഷി അറിവ് നേടുന്നത്. എല്ലാ ദിവസവും കൃഷിയിടത്തിലെത്തും. കഴിഞ്ഞ തവണ 250 അഗ്രോ ബാഗുകളിൽ പച്ചക്കറി വളർത്തിയിരുന്നു.