ബസിന്റെ റൂട്ട് മാറ്റിയ കണ്ടക്ടർ

തിരുവനന്തപുരം: വെള്ളയിൽ നീലവരകളുമായി മലബാർ ബസ്, ഡബിൾ ഡെക്കർ, ശബരി, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി ബസ്… കനകക്കുന്നിലെത്തുന്നവർ പറയുന്നു സനൂബ് ബസുകൾ സൂപ്പറാ. ഗതാഗത വകുപ്പിന്റെ ‘ട്രാൻസ്പോ’ എക്സ്പോയിലെ താരമാവുകയാണ് കണ്ണൂർ ഡിപ്പോയിലെ കണ്ടക്ടർ സനൂബ് ഒരുക്കിയ കെഎസ്ആർടിസി ബസ് മാതൃകകൾ. ബോർഡിൽ അഞ്ചരക്കണ്ടി, തലശേരി റൂട്ടുകളെഴുതിയ വിവിധ ബസുകളുടെ 15 മിനിയേച്ചറുകളാണ് പ്രദർശനത്തിലുള്ളത്. പിഎസ്സി പരീക്ഷ വഴി ആറു വർഷംമുമ്പാണ് സനൂബ് കണ്ടക്ടറായത്. കോട്ടയത്തായിരുന്നു നിയമനം. ദീർഘദൂര ബസുകളിലായിരുന്നു ഡ്യൂട്ടി. അന്ന് ഒഴിവുസമയത്ത് തുടങ്ങിയ വിനോദമാണ് ബസുകളുടെ മിനിയേച്ചർ ഉണ്ടാക്കൽ. ആദ്യം നിർമിച്ചത് രാജധാനി ബസാണ്. ചെലവ് കുറഞ്ഞതും എളുപ്പത്തിൽ കിട്ടുന്നതുമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം. നിർമിച്ചവയിൽ ഒന്നുപോലും മാറ്റേണ്ടി വന്നിട്ടില്ല. മൂന്നു വർഷംമുമ്പാണ് കണ്ണൂർ ഡിപ്പോയിലേക്കെത്തിയത്. നാടും കണ്ണൂരാണ്. എഴുതിയ മൂന്ന് പിഎസ്സി പരീക്ഷയിലും ലിസ്റ്റിൽ വന്നു. പൊലീസിലും ഫയർ-ഫോഴ്സിലും കായിക ക്ഷമതാപരീക്ഷയിൽ പരാജയപ്പെട്ടു. പിന്നാലെയാണ് കെഎസ്ആർടിസിയിലെത്തിയത്. ചെറുപ്പംമുതലേ ഇഷ്ടമായിരുന്നു ‘ചുവപ്പ് ബസി’നെ. ആ ഇഷ്ടത്തിൽ പിന്നീട് പിഎസ്സി പരീക്ഷ എഴുതുന്നില്ലെന്നുവച്ചു. കെഎസ്ആർടിസിയുടെ എല്ലാ ശ്രേണിയിലുമുള്ള ബസുകൾ നിർമിച്ച് സൂക്ഷിക്കണമെന്നാണ് ആഗ്രഹമെന്നും ഇതാദ്യമാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നതെന്നും സനൂബ് പറഞ്ഞു. ബസുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും രേഖകളുമുള്ളവർ അറിയിക്കണമെന്നായിരുന്നു മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ നിർദേശം. അങ്ങനെ പ്രദർശനത്തിന് എത്തുകയായിരുന്നു. എക്സ്പോയിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്ന സ്റ്റാളുകളിലൊന്നാണിത്. സെൻട്രൽ വർക്സിലെ ജീവനക്കാർ നിർമിച്ചതും സ്വകാര്യവ്യക്തികളുടെ ശേഖരത്തിലുള്ള മിനിയേച്ചറുകളും പ്രദർശനത്തിലുണ്ട്.