ഓണം കൂടാൻ മറുനാടൻ മലയാളികൾക്ക് തീവണ്ടിയില്ല

ഓണം കൂടാൻ മറുനാടൻ മലയാളികൾക്ക് അഞ്ച് പ്രത്യേക തീവണ്ടി ഒരുക്കിയിട്ടുണ്ടെങ്കിലും ഒന്നുപോലും മലബാറിനില്ല. ചെന്നൈ, ബെംഗളൂരു റൂട്ടിലേക്ക് അനുവദിച്ചവ കൊല്ലം, തിരുവനന്തപുരം ഭാഗത്തുള്ളവർക്ക് ഉപകാരമാകുമെങ്കിലും മലബാറിലേക്ക് ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരു നഗരത്തിലേക്ക് മലബാറുകാർ ഇനി ഓൺലൈനിൽ തിരയേണ്ട. ഇപ്പോഴുള്ള യശ്വന്ത്പുർ-കണ്ണൂർ വണ്ടിയിൽ രണ്ടാം തീയതി സ്ലീപ്പർ വെയിറ്റിങ് 169 ആണ്. മൂന്ന്, നാല്, അഞ്ച് തീയതികളിൽ ടിക്കറ്റില്ല. ഇനി ആശ്രയം ഫ്ളക്‌സി നിരക്കിലുള്ള പ്രീമിയം തത്കാൽ മാത്രം. ബസിലും കഴുത്തറുപ്പൻ നിരക്കാണ് കണ്ണൂർ-ബെംഗളൂരു തീവണ്ടി സ്ലീപ്പർ ടിക്കറ്റിന് 375 രൂപയാണ്. സ്വകാര്യ ബസിന് 850-1500 വരെയും കെഎസ്ആർടിസി ബസിന് 650-700 രൂപയും കർണാടക എസി ബസിന് 1040 രൂപയും ആകും.
ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള വണ്ടികളിൽ 76 മുതൽ 167 വരെയാണ് സ്ലീപ്പർ വെയിറ്റിങ് നില. മുംബൈയിൽനിന്നുള്ള നേത്രാവതി എക്‌സ്‌പ്രസിൽ കേരളത്തിലേക്ക് രണ്ടിനും മൂന്നിനും ടിക്കറ്റില്ല. മംഗള എക്‌സ്‌പ്രസിലും ടിക്കറ്റില്ല.
കേരളത്തിൽ ഓടുന്ന മാവേലി എക്‌സ്‌പ്രസിൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് രണ്ടുമുതൽ ഏഴുവരെ സ്ലീപ്പർ വെയിറ്റിങ് ലിസ്റ്റ് 118 കടന്നു. തിരുവനന്തപുരം എക്‌സ്‌പ്രസിൽ (16347) 180-ഉം മലബാർ എക്‌സ്‌പ്രസിൽ 172-ഉം ആണ് സ്ലീപ്പർ വെയ്‌റ്റിങ്.
നിലവിൽ കേരളത്തിൽ ഓടുന്ന രണ്ടു പ്രത്യേക വണ്ടികൾ ഓണംനാളിൽ സഹായിക്കും. മംഗളൂരു ജങ്‌ഷൻ-തിരുവനന്തപുരം നോർത്ത് സെപ്റ്റംബർ നാല്, ആറ് തീയതികളിൽ പുറപ്പെടും. തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്‌ഷൻ (06042) സെപ്റ്റംബർ അഞ്ച്, ഏഴ് തീയതികളാലാണ് പുറപ്പെടുക. മംഗളൂരു ജങ്‌ഷൻ-കൊല്ലം (06047-തിങ്കളാഴ്ച), കൊല്ലം-മംഗളൂരു ജങ്‌ഷൻ (06048-ചൊവ്വാഴ്ച) എന്നിവ ഓണം നാളിൽ കാര്യമായി ഗുണം ചെയ്യില്ല.