ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഡിഎ കുടിശ്ശിക അനുവദിച്ച് സർക്കാർ

ഓണം പ്രമാണിച്ച് സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച് സർക്കാർ. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എ.ഐ.സി.ടി.ഇ, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. സെപ്തംബർ ഒന്നിന് ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടിതുടങ്ങും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും. ജീവനക്കാരോടും പെൻഷൻകാരോടും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഈവർഷം രണ്ടാമത്തെ ഗഡു ഡിഎ, ഡിആർ ആണ് ഇപ്പോൾ അനുവദിച്ചത്. കഴിഞ്ഞവർഷവും രണ്ടു ഗഡു അനുവദിച്ചിരുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയത് രണ്ടാം പിണറായി സർക്കാരാണ്. ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായും നൽകിയിരുന്നു.