സംസ്ഥാനത്ത് ഓണത്തിന് സ്‌പെഷ്യല്‍ അരി, എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ

തിരുവനന്തപുരം: ഓണക്കാലത്ത് വിപണി ഇടപെടലുമായി ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. റേഷന്‍കടകള്‍ വഴി ഓണത്തിന് സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 60 കോടി രൂപയുടെ സബ്സിഡി ഉത്പന്നങ്ങള്‍ സപ്ലൈകോ വഴി വിതരണം ചെയ്തിട്ടുണ്ട്. ഓണ വിപണിയിലെ ഇടപെടലുകളിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഓണം ഫെയറുകള്‍ ആഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 4 വരെയാണ് നടക്കുക. 140 നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഫെയറുകള്‍, ഉള്‍പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ എന്നിവ നടക്കും. ആറ് ലക്ഷത്തിലധികം എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കും. എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ശബരി ബ്രാന്‍ഡില്‍ പുതിയ ഉത്പന്നങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 2112 കെ സ്റ്റോറുകളാണ് ഉള്ളത്. അതേ സമയം, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ന് (ഞായറാഴ്ച, ഓഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയര്‍ന്ന സാഹചര്യത്തില്‍, 529 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ, സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നല്‍കിയിരുന്നു. അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറില്‍ നല്‍കുന്നത്.