പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസിൽ വർധന

Share our post

തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസിൽ വർധന. 20 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള ഇരുചക്ര വാഹനത്തിൻ്റെ റീ-രജിസ്ട്രേഷന്‍ ഫീസ് 500 രൂപയില്‍ നിന്ന് രണ്ടായിരം രൂപയായും നാലുചക്ര വാഹനങ്ങളുടേത് 800 രൂപയില്‍ നിന്ന് പതിനായിരവുമായി ഉയര്‍ത്തി. ഓട്ടോറിക്ഷയുടേത് 800-ല്‍ നിന്ന് 5000 രൂപയുമാക്കി. കഴിഞ്ഞ ബജറ്റില്‍ പഴയ വാഹനങ്ങളുടെ റോഡ് നികുതി ഇരട്ടിയാക്കി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രഹരത്തിന് പുറമേയാണിത്. ചെറുകാറുകളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ ഫീസും റോഡ് നികുതിയും ചേർന്ന് 20,000 രൂപയോളം ചെലവ് വരും. ഇവയുടെ ഹരിത നികുതി 400 രൂപയിൽ നിന്ന് 600 ആക്കിയിരുന്നു. ഓട്ടോമറ്റിക് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ വരുമ്പോള്‍ ടെസ്റ്റിങ് ഫീസിനത്തിലും നല്‍കേണ്ടി വരും. അറ്റകുറ്റപ്പണിക്കും പെയിന്റിങ്ങിനും ചെലവിടേണ്ട തുക കൂടി ചേരുമ്പോൾ വാഹനത്തിന്റെ നിലവിലെ വിപണി മൂല്യത്തെക്കാള്‍ ചെലവ് വരും. കേന്ദ്ര സര്‍ക്കാരാണ് നിരക്ക് വര്‍ധിപ്പിച്ചതെങ്കിലും നേട്ടം സംസ്ഥാന സര്‍ക്കാരിനാണ്. തുക സംസ്ഥാന ഖജനാവിലേക്കാണ് എത്തുക. കേന്ദ്ര വിജ്ഞാപന പ്രകാരം ഓഗസ്റ്റ് 20 മുതല്‍ വര്‍ധനയ്ക്ക് പ്രാബല്യമുണ്ട്. ഈ ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കിയ വാഹനങ്ങള്‍ വര്‍ധിപ്പിച്ച ഫീസ് അടയ്‌ക്കേണ്ടി വരും. വാഹന്‍ സോഫ്റ്റ്വേറില്‍ വര്‍ധന പ്രാബല്യത്തില്‍ വരാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക ഓഫീസുകളിലും വെള്ളിയാഴ്ച പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ തടസ്സപ്പെട്ടു. 15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ തന്നെ വര്‍ധിപ്പിച്ചിരുന്നു. ഇത് ഹൈക്കോടതി താത്കാലികമായി വിലക്കിയതിനാല്‍ നടപ്പായിട്ടില്ല. കേസില്‍ അന്തിമ തീര്‍പ്പാകുന്നത് വരെ പഴയ ഫീസ് അടച്ചാല്‍ മതി. ഇരുചക്ര വാഹനങ്ങള്‍ക്ക് 500-ല്‍ നിന്ന് 1000 രൂപയായും ഓട്ടോറിക്ഷകള്‍ക്ക് 800-ല്‍ നിന്ന് രണ്ടായിരം രൂപയായും നാലുചക്ര വാഹനങ്ങള്‍ക്ക് 800-ല്‍ നിന്ന് 5000 രൂപയായിട്ടും ആയിരുന്നു വര്‍ധന. ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കോടതി വിധി വന്നാല്‍ ഇതുവരെ രജിസ്ട്രേഷന്‍ പുതുക്കിയ വാഹനങ്ങളെല്ലാം അധിക തുക അടയ്‌ക്കേണ്ടി വരും. ഇതിന് പുറമേയാണ് 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ഫീസും വര്‍ധിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!