ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീല്‍സ് ചിത്രീകരണം; ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പൊലീസിൽ പരാതി

Share our post

ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് ജാസ്മിൻ ജാഫറിനെതിരെ പൊലീസിൽ പരാതി നൽകി.

തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകി. പരാതി പൊലീസ് കോടതിക്ക് കൈമാറി. വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല.അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്. നിയമ വശങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതടക്കം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജാസ്മിന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ സമാന രീതിയില്‍ ക്ഷേത്രത്തിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിക്കെതിരും ദേവസ്വം പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!