നടാലിൽ ഫോട്ടോഗ്രാഫി മ്യൂസിയം സ്ഥാപിക്കും

Share our post

കണ്ണൂർ: സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആദ്യ ഫോട്ടോഗ്രാഫി മ്യൂസിയം നടാലിൽ സ്ഥാപിക്കും.  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ആലോചന യോഗത്തിലാണ് തീരുമാനം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ മ്യൂസിയത്തിന്റെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ക്യാമറകളുടെ പരിണാമം, വിവിധ കാലഘട്ടങ്ങളിലുള്ള ക്യാമറകളുടെ പ്രദർശനം, ഫോട്ടോ പ്രിന്റിംഗ്, മാധ്യമങ്ങളും ഉപകരണങ്ങളും, ഫോട്ടോ ഫിലിം, പ്രിന്റിംഗ് പേപ്പറുകൾ, ലാബ് ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ പ്രദർശനം, ലോകപ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ ചരിത്രനിമിഷങ്ങൾ, കേരളത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർമാർ, അവരുടെ ചിത്രങ്ങൾ, ജീവചരിത്രം, പ്രോജക്ഷൻ റൂം, വെർച്വൽ റിയാലിറ്റി പ്രൊജക്ഷൻ, ഡിജിറ്റൽ ലൈബ്രറി, എക്‌സിബിഷൻ ഹാൾ, എന്നിവയാണ് മ്യൂസിയത്തിൽ സജ്ജമാക്കുക.  ഫോട്ടോഗ്രാഫി വർക്ക്‌ ഷോപ്പ്, സെമിനാറുകൾ എന്നിവ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. സംസ്ഥാന സർക്കാർ 2025-26 ബജറ്റിൽ ഇതിനായി 50 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. യോഗത്തിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള, വൈസ് പ്രസിഡന്റ് കെ.പി. ബാലഗോപാൽ, പഞ്ചായത്ത്‌ അംഗങ്ങളായ സി. സഞ്ചന, ഇ.കെ. സുരേശൻ, കെ.വി. ജയരാജൻ, സി.എം. പ്രസീത ടീച്ചർ, മ്യൂസിയം വകുപ്പ് ഡയറക്ടർ പി.എസ്. മഞ്ജുളാദേവി, മ്യൂസിയം, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!