29 ഒ.ടി.ടി പ്ലാറ്റ്‌ഫോം, 350 ഡിജിറ്റൽ ചാനലുകൾ; കെ ഫോൺ ഒടിടി ഇന്ന് കൺതുറക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമായ കെ ഫോൺ ഒടിടി ഇന്ന് കൺതുറക്കും. വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്ലാറ്റ് ഫോം ലോഞ്ച് ചെയ്യുക. ഒടിടിയുടെ വരവോടെ ഇന്റർനെറ്റ് വിപണിയിലെ കെ ഫോണിന്റെ കരുത്ത് ഒന്നുകൂടി ശക്തമാകും. 29 ഒടിടി പ്ലാറ്റ്ഫോമും മുന്നൂറ്റമ്പതോളം ഡിജിറ്റൽ ചാനലുകളും ഉൾപ്പെടുത്തിയാണ് കെ ഫോൺ ഒടിടി പുറത്തിറങ്ങുക. ഹോട്സ്റ്റാർ, ആമസോൺ പ്രൈം ലൈറ്റ്, സോണി ലൈവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്സ് ടിവി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ കെ ഫോണിലൂടെ ലഭ്യമാവും. ട്രാഫിക് വര്‍ധിക്കുന്നതിനനുസരിച്ച് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയും കെ ഫോൺ ഒടിടിയിലൂടെ ഉപയോഗിക്കാം. ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ താരിഫുകൾ പ്രഖ്യാപിക്കും. മിതമായ നിരക്കിലുള്ള പാക്കേജായിരിക്കും ഉപയോകതാക്കൾക്ക് ലഭ്യമാക്കുന്നതെന്ന് കെ ഫോൺ നേരത്തെ തന്നെ അറിയിച്ചിരുന്നു. കെ ഫോണിന്റെ ഇന്റര്‍നെറ്റ് തുകയ്ക്കുപുറമേ മറ്റൊരു നിരക്കിലുള്ള പാക്കേജുകൂടി എടുത്താല്‍ ഒടിടി ചാനലുകളും ഡിജിറ്റല്‍ ടിവിയും ഉപയോക്താക്കൾക്ക് ലഭ്യമാവും. സംസ്ഥാനത്ത് ഇതുവരെ 1,15,320 കണക്‌ഷനാണ് കെ ഫോൺ നൽകിയത്. 23,163 സർക്കാർ ഓഫീസുകളിലും 74,871 വീടുകളിലും 3067 സ്ഥാപനങ്ങളിലും കണക്‌ഷൻ നൽകി. 14,194 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമാണ്. ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യ കണക്ഷന് അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഇൗ വർഷം 75,000 ബിപിഎൽ കുടുംബങ്ങൾക്ക് കൂടു കണക്‌ഷൻ നൽകും.