മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി; അന്വേഷിക്കാൻ കെപിസിസിക്ക് നിർദേശം

തിരുവനന്തപുരം: രാഹൂൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളിൽ ഇടപെട്ട് ഹൈക്കമാൻഡ്. രാഹുലിനെതിരെ എഐസിസിക്ക് നേരത്തെ ലഭിച്ച പരാതികൾ കെപിസിസിക്ക് കൈമാറി. പരാതികൾ അന്വേഷിക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നടക്കം രാഹുലിനെ മാറ്റുന്നതും ഹൈക്കമാന്‍ഡിന്റെ ആലോചനയിലുണ്ട്. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കണോ എന്നതിൽ പാർടിയിൽ തീരുമാനമായില്ല. പ്രതിപക്ഷ നേതാവ് വി ഡി.സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രാഹുലിനെതിരായ ആരോപണങ്ങൾ സംബന്ധിച്ച് അനൗദ്യോഗിക ചർച്ച നടത്തിയെന്നും വിവരമുണ്ട്. ജനപ്രതിനിധിയായ യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് വെളിപ്പെടുത്തിയിരുന്നു. നേതാവിന്റെ പേര് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും, പാർടി നേതാക്കളോട് പരാതിപ്പെട്ടിരുന്നുവെന്നും റിനി പറഞ്ഞു. ഇതിന് പിന്നാലെ പ്രവാസി എഴുത്തുകാരിയായ ഹണി ഭാസ്കരൻ രാഹുലിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി വെളിപ്പെടുത്തിയത്.