വയനാടിന് കൈത്താങ്ങ്: 50 വീടുകൾ നിർമ്മിക്കുന്നതിനായി പത്ത് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി എം.എ യൂസഫലി

Share our post

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ എം.എ.യൂസഫലി കൈമാറി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സഹായം. മുഖ്യമന്ത്രിയുടെ ചേംബറിൽ നേരിട്ട് എത്തിയാണ് ചെക്ക് കൈമാറിയത്. ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുന്നതിനായാണ് സഹായം. മുൻപും ഇദ്ദേഹം വയനാടിനായി പണം കൈമാറിയിട്ടുണ്ട്. വയനാട് ദുരന്തബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു. രണ്ടാം ഘട്ട സഹായമായാണ് 10 കോടി രൂപ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്. നാടിന്റെ പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ മുഖ്യമന്ത്രിയെ യൂസഫലി അറിയിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് ഉൾപ്പടെ വേ​ഗതപകരുന്നതാണ് ധനസഹായം. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സഹായം കൈമാറിയത്. ഒരു നാടിനെ ഭൂപടത്തിൽനിന്നുതന്നെ മായ്ച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഒരു വര്ഷം പിന്നിട്ടെങ്കിലും ഇന്നും അതിന്റെ ഞെട്ടലിൽ ആണ് നാട്. ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത് വയനാട്ടിൽ രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് ജുലൈ 29ന് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ജുലൈ 30ന് പുലർച്ചെ 1.40നാണ് ഉരുൾപൊട്ടലുണ്ടായത്. തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങൾ ഒലിച്ചുപോയി. സൈന്യത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും പൊലിസിനും അഗ്നിരക്ഷാസേനയ്ക്കുമൊപ്പം യുവജന, സന്നദ്ധസംഘടനകളും ചേർന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമായി. ഉറ്റവരെയും ഉടയവരെയും കാണാതെ മേപ്പാടി സർക്കാരാശുപത്രിയിലെത്തി മൃതദേഹങ്ങളുടെ കെട്ടഴിച്ചുനോക്കുന്നവരുടെ ദൃശ്യങ്ങൾ ഉള്ളുലയ്ക്കുന്നതായിരുന്നു. ആ കണ്ണുകളിലെ നഷ്ടങ്ങളുടെ കടൽ ഇന്നും അലതല്ലുകയാണ്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!