പണിപ്പുരയിലാണ്, വിസ്മയങ്ങളുടെ പെരുന്തച്ചൻ

മാവിലായി : ചെരിച്ചുകെട്ടിയ കയറിൽ ഒറ്റചക്ര സൈക്കിൾ ചവിട്ടിനീങ്ങുന്ന അഭ്യാസി. ഏണിപ്പടികളിൽ മലക്കംമറിഞ്ഞിറങ്ങി നിൽക്കുന്ന പാവ. ചാടിച്ചാടി നീങ്ങുന്ന കങ്കാരുവും കുതിരയും. കൊക്കിൽ ബാലൻസ്ചെയ്ത് ഊയലാടുന്ന പരുന്തും, മരം കൊത്തിയും… മൂന്നുപെരിയക്കടുത്ത മോച്ചേരി പുനക്കാലിൽ രജിലിന്റെ വീടിനോടുചേർന്നുള്ള പണിപ്പുരയിൽ കാണാം ഇങ്ങനെ വിസ്മയങ്ങൾ ഉള്ളിലൊളിപ്പിച്ച മരംകൊണ്ടുള്ള കരകൗശല വസ്തുക്കൾ. ഒപ്പം വീട്ടുപകരണങ്ങളും. അച്ഛൻ രവീന്ദ്രന്റെ വഴിയിൽ കഴിഞ്ഞ 15 വർഷമായി രജിൽ ഫർണിച്ചർ നിർമാണരംഗത്തുണ്ട്. യാദൃച്ഛികമായാണ് കരകൗശല വസ്തുക്കളുടെ നിർമിതിയിലേക്ക് എത്തിയത്. കോവിഡ് കാലത്തെ ജോലി കുറവാണ് പുതിയ കൗതുകത്തിലേക്കുള്ള വഴിതുറന്നത്. ഏടാകൂടമാണ് രജിലിന്റെ മാസ്റ്റർപീസ്. ഉള്ളിൽ ദ്വാരമുള്ള ചതുരാകൃതിയിലുള്ള മരക്കട്ടകൾ കൂട്ടിയോജിപ്പിച്ചുണ്ടാക്കിയ ഏടാകൂടം അഴിച്ചു മാറ്റി പഴയ രൂപത്തിലാക്കുക എളുപ്പമല്ല. ആറ് കട്ടകൾ ചേർത്തുണ്ടാകുന്ന ഏടാകൂടങ്ങളാണ് സാധാരണം. എന്നാൽ 2,14, 18, 24 ചതുരക്കട്ടകളുടെ ഏടാകൂടങ്ങളും രജിൽ ഉണ്ടാക്കുന്നു. ഗണിതവും തച്ചുശാസ്ത്രവും ഭൗതികശാസ്ത്രവും സമ്മേളിക്കുന്നുണ്ട് രജിലിന്റെ നിർമ്മാണങ്ങളിൽ. ഒരോ നിർമിതിയും ശാസ്ത്രത്തിന്റെ സൂക്ഷ്മമായ പ്രയോഗംകൂടിയാണ്. മരംകൊണ്ടുള്ള ഫുട്ബോളും തനിയെ കറങ്ങുന്ന ചക്രവും ഒറ്റത്തടിയിൽ തീർത്ത സരസ്വതീപീഠവും ചെരിച്ച് നിർത്തിയ മരത്തടി സ്റ്റാൻഡിൽ ചെരിച്ചുവച്ച കുപ്പിയും സ്നേക്ക് ക്യൂബും മുകളിലേക്ക് ഉരുണ്ടുനീങ്ങുന്ന മൃദംഗ സമാനമായ രൂപവുമൊക്കെ അതിശയം നിറയ്ക്കും. രജിലിന്റെ പണിപ്പുരയിലെ സന്ദർശകരും നിരവധിയാണ്. സ്കൂളുകൾ, ക്ലബ്ബുകൾ, ശാസ്ത്രമേളകൾ എന്നിവയിലായി അമ്പതിലധികം പ്രദർശനങ്ങൾ രജിൽ ഇതിനകം നടത്തി. ആവശ്യക്കാർക്ക് സാധനങ്ങൾ നിർമിച്ചുനൽകുകയാണ് രജിലിന്റ രീതി. കേരളത്തിനകത്തും പുറത്തും വിദേശത്തും ആവശ്യക്കാരുണ്ട്. പ്രേമലതയാണ് അമ്മ. ഭാര്യ: ജീന. നാലു വയസുകാരൻ ഋതുരഞ്ജും ഒരു വയസുകാരി ഋതു ദേവികയുമാണ് മക്കൾ.