കണ്ണൂരിൽ ബീവറേജ് ഔട്ട് ലെറ്റിലും കടകളിലും മോഷണം

കണ്ണൂർ: നഗരത്തിൽ ബീവറേജ് ഔട്ട് ലെറ്റിലടക്കം നാലിടങ്ങളിൽ മോഷണം. കണ്ണൂർ പാറക്കണ്ടിയിലെ സത്യശ്രീ കോംപ്ലക്സിലാണ് മോഷണം നടന്നത്. ബീവറേജ് ഔട്ട് ലെറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പൂട്ടുതകർത്താണ് മോഷണം. പ്രീമിയം, ജനറൽ കൗണ്ടറിന്റെ പൂട്ട് തകർത്ത നിലയിലാണുള്ളത്. സമീപത്തെ മൂന്നുകടകളുടെയും പൂട്ട് തകർത്തു. ചൊവ്വ രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ടുതകർന്ന് കിടക്കുന്നതായി കണ്ടത്. ബീവറേജസ് ഔട്ട്ലെറ്റിന്റെ കൗണ്ടറിൽനിന്ന് ആറോളം മദ്യക്കുപ്പികൾ മോഷ്ടിച്ചതായി സംശയിക്കുന്നു. അനീഷ്, ഷെറിൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള എഎസ് സ്റ്റോർ, അഞ്ചരക്കണ്ടിയിലെ പ്രസാദിന്റെ പ്രസാദ് സ്റ്റോർ, അഞ്ചരക്കണ്ടിയിലെ രമ്യയുടെ ഉടമസ്ഥതയിലുള്ള സി കെ സ്റ്റോർ എന്നി കടകളുടെയും പൂട്ടും തകർത്ത നിലയിലാണ്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതായി കടയുടമകള്‍ പറഞ്ഞു. പൊലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. സമീപത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിൽ പുലർച്ചെ 2.30ന് മുഖം മൂടിയും ഗ്ലൗസും ധരിച്ച് രണ്ടുപേരെത്തി പൂട്ട് തകർക്കുന്നതും മദ്യക്കുപ്പികളുമായി പുറത്തേക്ക് വരുന്നതായും ദൃശ്യങ്ങളുണ്ട്. ബീവറേജിൽ മോഷണം നടത്തിയശേഷമാണ് മറ്റ് കടകളിൽ മോഷ്ടാക്കൾ കയറിയത്. ഇവിടങ്ങളിൽ സാധനങ്ങൾ വാരി വലിച്ചിട്ടനിലയിലായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് പരിശോധന ഉൗര്‍ജിതമാക്കി.