തന്തോട് കരയിടിച്ചൽ രൂക്ഷം; ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാത അപകടാവസ്ഥയിൽ

ഇരിട്ടി: ഇരിട്ടി പുഴയുടെ ഭാഗമായ തന്തോട് കരയിടിച്ചൽ രൂക്ഷമായതോടെ സംസ്ഥാന പാതയും അപകടാവസ്ഥയിലായി. റോഡിനോട് ചേർന്നുള്ള പുഴയുടെ ഭാഗമാണ് ഇടിഞ്ഞത്. ഇരിട്ടി – ഇരിക്കൂർ സംസ്ഥാന പാതയുടേയും ഇരിട്ടി- ഉളിക്കൽ പാതയുടേയും ഭാഗമായ പ്രദേശമാണിത്. കഴിഞ്ഞ ദിവസം റോഡരികിലെ ചെളിയും കുഴിയും നികത്താൻ റോഡിന്റെ ഇരുവശങ്ങളിലേയും കാടുകൾ മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ച നീക്കം ചെയ്തപ്പോഴാണ് അപകടകരമാകുന്ന നിലയിൽ ഇടിച്ചൽ ശ്രദ്ധയിൽപ്പെട്ടത്. പുഴയോട് ചേർന്ന റോഡിന്റെ കുറച്ച് ഭാഗത്ത് സംരക്ഷണ കവചം നിർമ്മിച്ചിരുന്നു. ഇതിനോട് ചേർന്ന ഭാഗത്താണ് കരയിടിച്ചൽ ഉണ്ടായിരിക്കുന്നത്. ഇരു വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് അപകട സാധ്യത ഏറുന്നത്. റോഡരികുകൾക്ക് വീതി തീരേ കുറഞ്ഞ ഈ ഭാഗത്ത് പുഴയിലേക്ക് വാഹനങ്ങളും കാൽനടയാത്രക്കാരും വീഴാതിരിക്കുവാൻ ഇപ്പോൾ മരക്കമ്പുകൾ നാട്ടിയാണ് സംരക്ഷണ കവചം സ്ഥാപിച്ചിരിക്കുകയാണ്. വലിയ ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാത കൂടിയാണ് ഇത് . ഓരോ കാലവർഷത്തിലും പുഴയോരം ചെറിയ തോതിൽ ഇടിയാറുണ്ടെങ്കിലും ഈ വർഷം ഇടിച്ചിൽ ശക്തമാണ്. വർഷങ്ങൾക്ക് മുൻമ്പ് തന്നെ പൊതുമാരാമത്ത് വകുപ്പ് ഇരിട്ടി പഴയ പാലം മുതൽ തന്തോട് വരെ പുഴയോട് ചേർന്ന ഭാഗത്ത് ശക്തമായ സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതായിരുന്നു. ഇതിനു പകരം താല്ക്കാലിക വേലിയും മറ്റും സ്ഥാപിച്ച് തടിതപ്പുകയായിരുന്നു ഇവർ . ഇപ്പോൾ തീർത്തിരിക്കുന്ന തീരെ ദുർബലമായ സംരക്ഷണ കവചംകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കാനിടയില്ല. രാത്രികാലങ്ങളിൽ ഇതുവഴി പോകുന്ന ഇരുചക്ര വാഹന യാത്രക്കാരും കാൽ നടയാത്രക്കാരുമാണ് വലിയ അപകട ഭീഷണി നേരിടുന്നത്.