ദേവരാജന്റെ സ്വപ്നങ്ങൾക്കിനി പൂക്കളുടെ നിറം

കണ്ണൂർ: ഒറ്റമുറി വീടും ചായ്പിലെ അടുക്കളയും. അതും ജപ്തി ഭീഷണിയിൽ. രോഗിയായ ഭാര്യ രത്നവല്ലിക്കും മക്കൾക്കുമൊപ്പം അടച്ചുറപ്പുള്ള വീടെന്നത് സ്വപ്നം മാത്രമായിരുന്നു ദേവരാജന്. ആ സ്വപ്നം പുവണിയുകയാണ്. ജില്ലാ അഗ്രി–ഹോർട്ടികർച്ചറൽ സൊസൈറ്റിയുടെ തണലിൽ. ജില്ലാ അഗ്രി ഹോർട്ടി കർച്ചറൽ സൊസൈറ്റി ബാങ്കിൽ പണമടച്ച് ആധാരം തിരിച്ചെടുത്ത് വീട് നിർമിച്ചു നൽകുകയായിരുന്നു. വെള്ളി രാവിലെ പത്തിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്നേഹവീടിന്റെ താക്കോൽ കൈമാറും. സൊസൈറ്റി പ്രസിഡന്റു കൂടിയായ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനാകും. തയ്യിൽ ഉരുവച്ചാലിൽ രണ്ടര സെന്റ് സ്ഥലത്തെ ഒറ്റമുറി വീട്ടിലാണ് ദേവരാജനും കുടുംബവും. മകളുടെ വിവാഹാവശ്യത്തിനാണ് ബാങ്കിൽ ആധാരംവച്ച് വായ്പയെടുത്തത്. പീന്നീട് പലിശയും കൂട്ടുപലിശയുമായി ജപ്തിയുടെ വക്കിലായി. ജീവിതം മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ് ജില്ലാ അഗ്രി ഹോർടികൾച്ചറൽ സൊസൈറ്റിയുടെ കാരുണ്യസ്പർശം തേടിയെത്തിയത്. രണ്ടുവർഷം മുമ്പ് വീടു നിർമിക്കാൻ തീരുമാനിച്ചപ്പോഴാണ് സ്ഥലം ജപ്തി ഭീഷണിയിലാണെന്ന് അറിഞ്ഞത്. സ്ഥലം വീണ്ടെടുക്കാനുള്ള സ്ഥിതിയിലായിരുന്നില്ല ദേവരാജൻ. സഹകരണ അദാലത്തിൽ അപേക്ഷ നൽകിയപ്പോൾ പലിശയിൽ ഇളവ് ലഭിച്ചു. 1.70 ലക്ഷം ജില്ലാ അഗ്രി ഹോർടികൾച്ചറൽ സൊസൈറ്റി ബാങ്കിലടച്ചാണ് സ്ഥലം വീണ്ടെടുത്തത്. മൂന്നു മാസത്തിനുള്ളിൽ രണ്ട് മുറിയും ഹാളും അടുക്കളയുമുള്ള വീട് നിർമിച്ചു. പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. എല്ലാവർഷവും കണ്ണൂർ പുഷ്പോത്സവം സംഘടിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിൽനിന്നാണ് വീടുനിർമാണം നടത്തിയതെന്ന് സൊസൈറ്റി സെക്രട്ടറി പി വി രത്നാകരൻ പറഞ്ഞു.