വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കാസർകോട്: കാസർകോട് കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കർണ്ണപടം പൊട്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റർ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകൾ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ബേഡകം പൊലീസാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുക്കും.സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മധുസൂദനൻ ഇന്നലെ കുണ്ടംകുഴി സ്കൂളിലെത്തി ഹെഡ്മാസ്റ്റർ എം അശോകന്റെയും പരിക്കേറ്റ വിദ്യാർത്ഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റർ എം അശോകനെതിരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അസംബ്ലിക്കിടെ പത്താം ക്ലാസുകാരനെ ഹെഡ്മാസ്റ്റർ അടിച്ച് കർണ്ണപടം പൊട്ടിച്ചത്. മാധ്യമങ്ങളില്‍ വാർത്തകൾ വന്നതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയെ അസംബ്ലിയിൽ വച്ച് അടിക്കുന്നത് കണ്ട അനിയത്തിക്ക് മാനസിക വിഷമം മൂലം ഛർദിയും തലകറക്കവുമുണ്ടായെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ വിശദമായ പരിശോധന ഉണ്ടാകുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്മാസ്റ്റർ വിശദീകരിച്ചെന്ന് പിടിഎ പ്രസിഡൻ്റ് പറഞ്ഞു. ഒത്തുതീര്‍പ്പിന് വേണ്ടി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം തെറ്റാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഹെഡ്മാസ്‌റ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്കൂളിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.