കാർഷിക സംരംഭം വിജയഗാഥയായി ദേശീയ അംഗീകാരനിറവിൽ ഷിജി ജയിംസ്

കണ്ണൂർ: കുടുംബശ്രീയുടെ പിന്തുണയോടെ ചെറുതായി തുടങ്ങിയ ഒരു കാർഷികസംരംഭം ഇന്ന് ദേശീയതലത്തിൽ മാതൃകാ സംരംഭമാണ്. ഉളിക്കൽ സിഡിഎസ് ഭരണസമിതി ഉപജീവന ഉപസമിതി കൺവീനർ ഷിജി ജയിംസിന്റെ സമഗ്രകാർഷികപ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ഡൽഹിയിൽ 79-–ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഇത്തവണ ഷിജി ജില്ലയെ പ്രതിനിധീകരിച്ചു. സംസ്ഥാനത്തുനിന്ന് ആറുപേരാണ് കുടുംബശ്രീയെ പ്രതിനിധീകരിച്ച് രാജ്യതലസ്ഥാനത്തെത്തിയത്. മക്കളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനിറങ്ങി; മികച്ച സംരംഭകയായി 2015-ൽ മക്കളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ കുടുംബശ്രീയുടെ സഹായത്തോടെ ഒരു പശുവുമായാണ് സംരംഭം ആരംഭിച്ചത്. ഇന്ന് 25 പശുക്കൾ, 200 നാടൻ മുട്ടക്കോഴികൾ, 250 വളർത്തുമത്സ്യങ്ങൾ, 25 തേനീച്ച കോളനികൾ എന്നിവ ഉൾപ്പെടുന്ന സമഗ്രകർഷകതോട്ടത്തിനുടമയാണ് ഷിജി. ഓരോ ദിവസവും ഫാമിൽനിന്ന് 400 ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. “റീച്ചൂസ് ഫുഡ് പ്രോഡക്ട്സ്” എന്ന പേരിൽ തൈര്, വെണ്ണ, നെയ്യ്, പാൽ മുതലായ മൂല്യവർധിത ഉൽപ്പന്നങ്ങളും ഷിജി വിപണനം ചെയ്തുവരുന്നു. റീച്ചൂസ് ഡയറി പ്രൊഡ്യൂസർ ഗ്രൂപ്പ് അംഗവുമാണ്. ക്ഷീരവ്യവസായത്തിൽ താൽപര്യമുള്ള സ്ത്രീകളെ പരിശീലിപ്പിക്കുന്നതിലും സജീവം. നാലംഗങ്ങൾ ചേർന്ന് രൂപീകരിച്ച ഐശ്വര്യ ജെഎൽജിയുടെ ഭാഗമായി, വിവിധ വിളകളുടെ കൃഷിയും ഏകദേശം ഒന്നര ഏക്കറിൽ തീറ്റപ്പുൽ കൃഷിയും നടത്തുന്നു. അതിലൂടെ ഇവർ സംവിധാനംചെയ്ത സംയോജിത കൃഷിമാതൃക ഏറെ ശ്രദ്ധേയമായി. കടുത്ത സമർപ്പണവും പരിശ്രമവും മൂലധനം ദിവസേന 10,000 രൂപയിലധികം വരുമാനം നേടുന്ന സംരംഭകയാണ് ഇന്ന് ഷിജി. കടുത്ത സമർപ്പണവും പരിശ്രമവുമാണ് നേട്ടത്തിനു പിന്നിലെന്ന് അവർ പറയുന്നു. കുടുംബശ്രീ എൻആർഎൽഎം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ലഖ്പതിദീദി പദ്ധതിയുടെ ഭാഗമായി, വർഷത്തിൽ ഒരു ലക്ഷം രൂപയിലധികം വരുമാനം നേടുന്ന ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സംരംഭകരിൽ ഒരാളുകൂടിയാണ്.