തലയുയർത്തി തലശേരി

തലശേരി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ പോലും വിസ്‌മയിപ്പിച്ച തീരദേശ പട്ടണമാണ് തലശേരി. ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന പൈതൃക നഗരി. മലബാറിലെ ആദ്യ നഗരസഭകളിലൊന്നായ തലശേരി സമാനതയില്ലാത്ത വികസനത്തിന്റെ നെറുകയിലാണിന്ന്. കാണാനുണ്ട് ഏറെ വിനോദസഞ്ചാര വികസനരംഗത്ത് അനന്ത സാധ്യതയുള്ള നഗരമാണ് തലശേരി. തലശേരി കടൽപ്പാലവും കോട്ടയും സെന്റിനറിപാർക്കും ആംഗ്ലിക്കൻപള്ളിയും ഇല്ലിക്കുന്നിലെ അക്ഷര മ്യൂസിയവും ഉൾപ്പെടുന്ന ടൂറിസം സർക്യൂട്ട് വടക്കെ മലബാറിലെ പ്രധാന യാത്രാവഴിയായി അതിവേഗം മാറുന്നു. നാടിന്റെ ഭാവി ടൂറിസം വികസനത്തിലാണെന്ന് തിരിച്ചറിഞ്ഞുള്ള ഭാവനാപൂർണമായ പദ്ധതികളാണ് നഗരസഭയും നടപ്പാക്കിയത്. കടൽപ്പാലം ആകാശപാതയും സെന്റിനറിപാർക്ക് വികസനവും ജവഹർഘട്ട് നവീകരണവും പൂർത്തിയാകുന്നതോടെ തലശേരി കൂടുതൽ സുന്ദരമാകും. 25 കോടിയുടെ റോഡും അഞ്ച് വർഷത്തിനിടെ റോഡുകളുടെ വികസനത്തിന് 25 കോടി രൂപയാണ് തലശേരി വിനിയോഗിച്ചത്. കോൺക്രീറ്റ്‌ചെയ്‌ത് സൗന്ദര്യവൽക്കരിക്കുന്ന എംജി റോഡും ലോഗൻസ് റോഡും നഗരത്തിന്റെ മുഖഛായ മാറ്റുകയാണ്. 4.25 കോടി രൂപ വിനിയോഗിച്ചാണ് എംജി റോഡ് നവീകരിച്ചത്. ഒരുകോടി രൂപയുടെ സൗന്ദര്യവൽകരണംകൂടി പൂർത്തിയാകുന്നതോടെ വൻനഗരങ്ങളുടെ പ്രൗഢിയിലേക്ക് തലശേരിയും ഉയരും. നല്ല ആരോഗ്യം കണ്ടിക്കലിൽ അമ്മയും കുഞ്ഞും ആശുപത്രി നിർമാണം ഡിസംബറിൽ പൂർത്തിയാകുന്നതോടെ ആരോഗ്യരംഗത്ത് കൂടുതൽ മികവിലേക്ക് തലശേരി ഉയരും. നഗരസഭയിലെ അലോപ്പതി, ആയുർവേദ, ഹോമിയോ ആശുപത്രികളുടെ വികസനത്തിനായി 15 കോടി രൂപയാണ് ചെലവഴിച്ചത്. തലശേരി ജനറൽ ആശുപത്രിക്ക് മാത്രം എട്ടുകോടി രൂപ വിനിയോഗിച്ചു. ശുചിത്വ സുന്ദരം ദേശീയശുചിത്വ റാങ്കിങ്ങിലും അഭിമാനകരമായ നേട്ടമാണ് തലശേരി കൈവരിച്ചത്. മാലിന്യമുക്ത നഗരസഭയെന്നത് പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. -അജെൈവ മാലിന്യ സംസ്‌കരണത്തിന് എല്ലാവീടുകളിലും ബൊക്കാഷി ബക്കറ്റോ, റിങ് കമ്പോസ്‌റ്റോ, പൈപ്പ് കമ്പോസ്‌റ്റോ നൽകി. ഒരുകാലത്ത് ദേശീയപാതയിലൂടെ ജനം മൂക്കുപൊത്തി കടന്നുപോയ പെട്ടിപ്പാലത്തെ നൂറ്റാണ്ടുകളുടെ മാലിന്യം പൂർണമായും നീക്കം ചെയ്യുകയാണ്. 5.5 കോടി രൂപ ചെലവിലാണ് ലെഗസി വെയ്‌സ്‌റ്റ് നീക്കുന്നത്.
ഒറ്റനോട്ടത്തിൽ
ലൈഫ് ഭവന പദ്ധതിയിൽ 223 വീട്; 8.176 കോടി ചെലവിട്ടു
അമൃത്‌പദ്ധതിയിൽ എല്ലാവർക്കും കുടിവെള്ളം.
20 കോടി രൂപയുടെ പദ്ധതി
ലൈഫ് ഭവനപദ്ധതിക്ക് കൊളശേരിയിൽ 50 സെന്റ——–് സ്ഥലം
തോടുകളുടെ നവീകരണത്തിന് എട്ടുകോടി.
തലശേരിയിൽ രണ്ട് ടേക്ക് എ ബ്രേക്ക്.
ഉക്കണ്ടൻപീടികയിൽ 89 ലക്ഷം രൂപ ചെലവിൽ ആറ് ഫ്ലാറ്റ്.
സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ മൂന്നുകോടി.
ആരോഗ്യമേഖലയിൽ 15 കോടി.
നികുതിപിരിവിൽ 2023–24 കാലത്ത് പ്രത്യേക പുരസ്‌കാരം.
കുടുംബശ്രീക്ക് അഞ്ച് വർഷത്തിനിടെ 120 പുതിയ സംരംഭം.
നാലരക്കോടി ചെലവിൽ മഞ്ഞോടി ഷോപ്പിങ് കോംപ്ലക്‌സ്.
ഏഴരക്കോടി ചെലവിൽ നഗരസഭയുടെ ബി ബ്ലോക്ക് നിർമാണം.
ആറുകോടി ചെലവിൽ എ ബ്ലോക്ക് നിർമാണം ടെൻഡർ നൽകി.
ഒന്നരക്കോടി രൂപ ചെലവിൽ ക്രൈസ്‌റ്റ് കോളേജിന് സമീപം കൃഷിഭവനും ഹെൽത്ത് ഓഫീസും അങ്കണവാടിയും.
എല്ലാ അങ്കണവാടികൾക്കും കുക്കറും ഗ്യാസ് സ്‌റ്റൗവും.
അരലക്ഷം രൂപ ചെലവിൽ കാരാൽതെരു ക്ഷേത്രക്കുളം നവീകരണം.
പുതിയബസ്‌സ്‌റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സ് പുതുക്കിപ്പണിയാൻ രൂപരേഖ.
ജനറൽ ആശുപത്രി കണ്ടിക്കലിലേക്ക് മാറ്റാൻ രണ്ടര ഏക്കർ സ്ഥലം കൈമാറി.
കോടിയേരി കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം.
വാഗ്‌ദാനം നിറവേറ്റി
സർക്കാരിന്റെയും സ്‌പീക്കർ എ എൻ ഷംസീറിന്റെയും പിന്തുണയോടെയാണ് അഭിമാനകരമായനേട്ടം കൈവരിച്ചത്. വി ആർ കൃഷ്‌ണയ്യർ സ്‌മാരക സ്‌റ്റേഡിയം നഗരസഭക്ക് വിട്ടുനൽകണമെന്ന ഞങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതിൽ ചാരിതാർഥ്യമുണ്ട്. പദ്ധതി തുക വിനിയോഗത്തിലും നികുതി സമാഹരണത്തിലുമെല്ലാം ഏറെ മുന്നോട്ടുപോയി. കെ എം ജമുനറാണി ചെയർമാൻ, തലശേരി നഗരസഭ.
മുന്നേറ്റമുണ്ടാക്കി ലൈഫ്
ഭവന പദ്ധതി ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഉദ്ദേശിച്ച രീതിയിൽ പൂർത്തിയാക്കി. തലശേരി ടൗണിലെ പ്രധാന റോഡുകളെല്ലാം കോൺക്രീറ്റ് ചെയ്‌തതും നേട്ടമായി. ക്ഷേമപദ്ധതികൾക്കൊന്നും ഒരു മുടക്കവുമുണ്ടായില്ല. ക്രിക്കറ്റ് അസോസിയേഷനുമായുള്ള കരാർ കാലാവധി കഴിഞ്ഞതിനാൽ കോണോർവയൽ ക്രിക്കറ്റ് സ്‌റ്റേഡിയവും നഗരസഭയുടെ അധീനതയിലായിട്ടുണ്ട്. എം വി ജയരാജൻ വൈസ്‌ചെയർമാൻ, തലശേരി നഗരസഭ.