29 ഒടിടി പ്ലാറ്റ്ഫോം ; 350 ഡിജിറ്റൽ ചാനൽ ; വിപണി കീഴടക്കാൻ കെ ഫോൺ

തിരുവനന്തപുരം: വരിക്കാർക്ക് ഒടിടി സേവനം ലഭ്യമാക്കി ഇന്റർനെറ്റ് വിപണിയിൽ കരുത്തുപ്രകടിപ്പിക്കാൻ കേരളത്തിന്റെ സ്വന്തം കെ ഫോൺ. 29 ഒടിടി പ്ലാറ്റ്ഫോമും മുന്നൂറ്റമ്പതോളം ഡിജിറ്റൽ ചാനലുകളും ഉൾപ്പെടുത്തിയാണ് സേവനം വിപുലപ്പെടുത്തുന്നത്. ഹോട്സ്റ്റാറും ആമസോൺ ലൈറ്റും സോണി ലൈവുമടക്കമുള്ള പ്ലാറ്റ്ഫോമുകൾ പ്ലാനിലുണ്ടാകും. പദ്ധതി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാക്കേജിന്റെ താരിഫും അന്നറിയാം. വിപുലമായ നെറ്റ്വർക്ക് ശൃംഖലയുണ്ടെങ്കിലും ഒടിടി സേവനമില്ല എന്ന കെ- ഫോണിന്റെ പോരായ്മയ്ക്കാണ് പരിഹാരമാകുന്നത്. ഒടിടി അടക്കമുള്ള പാക്കേജ് മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കെ -ഫോൺ എം ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1,15,320 കണക്ഷനാണ് കെ ഫോൺ നൽകിയത്. 23,163 സർക്കാർ ഓഫീസുകളിലും 74,871 വീടുകളിലും 3067 സ്ഥാപനങ്ങളിലും കണക്ഷൻ നൽകി. 14,194 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമാണ്. ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യ കണക്ഷന് അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഇൗ വർഷം 75,000 ബിപിഎൽ കുടുംബങ്ങൾക്ക് കണക്ഷൻ നൽകും.