വടകരയിൽ ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട്: വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വടകര തോടന്നൂരിലെ വിജയാലയത്തിൽ ഉഷ (53) ആണ് മരിച്ചത്. മരം വീണ് വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് അബന്ധത്തിൽ ഷോക്കേറ്റാണ് മരണം. ശനി രാവിലെ ആറരയോടെയാണ് സംഭവം. ഉഷയുടെ വീടിൻ്റ തൊട്ടു മുന്നിലെ പറമ്പിൽ ഉണ്ടായിരുന്ന മരം പൊട്ടി വീണാണ് വൈദ്യുതി ലൈൻ കമ്പി തകർന്ന് വീണത്. രാവിലെ മുറ്റമടിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉഷയെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ്: വിജയൻ. മക്കൾ: ജിഷ, അജന്യ. മരുമക്കൾ: മണികണ്ഠൻ, അമൽ.